കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് ചര്‍ച്ചയില്‍ തീരുമാനമായില്ല
ബംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ നടത്തിയ സീറ്റ് വിഭജന ചര്‍ച്ചയില്‍ തീരുമാനമായില്ല.
ഇരുപാര്‍ട്ടികളുടെയും കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്നലെ ചേര്‍ന്നെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു. ഓള്‍ഡ് മൈസൂരു പ്രദേശത്തെ സീറ്റ് വിഭജനം സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഒരുപോലെ സ്വാധീനമുള്ള ഇവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.
ഇവിടെ സഖ്യംചേര്‍ന്നു മത്സരിക്കുന്നതില്‍ പ്രാദേശിക നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചതാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണം. സംസ്ഥാനത്ത് ആകെയുള്ള 28ല്‍ 12 സീറ്റുകള്‍ വേണമെന്നാണ് ജെ.ഡി.എസിന്റെ ആവശ്യം. എന്നാല്‍ പത്തു സീറ്റില്‍ കൂടുതല്‍ നല്കാന് കോണ്‍ഗ്രസ് ഒരുക്കവുമല്ല.
ജെ.ഡി.എസിന് 12 സീറ്റ് വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയ്ക്ക് ഇക്കാര്യത്തില്‍ അയഞ്ഞ നിലപാടാണുള്ളത്. 10 സീറ്റ് കൊണ്ടും തൃപ്തിപ്പെടുമെന്ന് ഞായറാഴ്ച അദ്ദേഹം കോണ്‍ഗ്രസിനു സൂചന നല്‍കിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച രണ്ടാംഘട്ട ചര്‍ച്ചയാണ് ഇന്നലെ നടന്നത്. അടുത്തുതന്നെ വീണ്ടും ചര്‍ച്ച നടക്കുമെന്നും ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അറിയിച്ചു. ഈ മാസം പത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."