ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍: മാത്യു സെല്‍തിനു കിരീടം
കൊച്ചി: അഞ്ചാമത് ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്റെ മാത്യു സെല്‍തിനു കിരീടം. മൂന്നര മണിക്കൂറിലേറെ നീണ്ട വാശിയേറിയ ഫൈനലില്‍ ചൈനയില്‍ നിന്നുള്ള ലിയു ഹവോട്ടിയനെ മൂന്നിനെതിരേ അഞ്ച് ഫ്രെയ്മുകള്‍ക്കു കീഴടക്കിയാണ് 33 കാരനായ മാത്യു സെല്‍ത് ചാംപ്യനായത്. അരലക്ഷം യൂറോയും ട്രോഫിയുമാണ് സമ്മാനം. ലോക റാങ്കിങ് മത്സരവേദിയില്‍ മാത്യു സെല്‍തിന്റെ കന്നി കിരീടമാണിത്. റണ്ണര്‍ അപ്പായ ല്യൂ ഹവോട്ടിയനു 32,300 യൂറോയും ലഭിച്ചു. ഇതോടെ മാത്യു സെല്‍ത് റാങ്കിങ്ങില്‍ 51ാം സ്ഥാനത്തുനിന്ന് 30ാം സ്ഥാനത്തേക്ക് കയറി. സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ജോണ്‍ ഹിഗ്ഗിന്‍സിനെ രണ്ടിനെതിരേ നാല് ഫ്രെയ്മുകള്‍ക്കു കീഴടക്കിയാണ് മാത്യു സെല്‍ത് ഫൈനലിലേക്കു മുന്നേറിയത്. ല്യൂ ഹാവോട്ടിയന്‍ സെമിയില്‍ ഇംഗ്ലണ്ടിന്റെ ആന്റണി ഹാമില്‍ട്ടനെയാണ് തോല്‍പ്പിച്ചത്.
ഒന്‍പത് ഫ്രെയ്മുകള്‍ അടങ്ങിയ ഫൈനലില്‍ മാത്യു സെല്‍തും ല്യൂ ഹവോട്ടും ഇഞ്ചോടിഞ്ച് പൊരുതി. നാല് ഫ്രെയ്മുകള്‍ പിന്നിടുമ്പോള്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. അഞ്ചാം ഫ്രെയ്മില്‍ ല്യൂ മുന്നിലെത്തുകയും ചെയ്തിരുന്നു. ആറാം ഫ്രെയ്മില്‍ നേടിയ ബ്രേക്ക് ആണ് മത്സരത്തിന്റെ ഗതി തന്നെ ഇംഗ്ലീഷ് താരത്തിനു അനുകൂലമായി മാറിയത്. അതോടെ ബെസ്റ്റ് ഓഫ് നയന്‍ മത്സരം എട്ടു ഫ്രെയ്മുകളില്‍ ഒതുക്കി മാത്യു സെല്‍ത് മുന്നിലെത്തി മത്സരം പൂര്‍ത്തിയാക്കി. കൊച്ചി ബോള്‍ഗാട്ടി ഹയാത്തില്‍ നടന്ന അഞ്ചാമത് ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായി. ആദ്യമായാണ് കൊച്ചി ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പിനു വേദിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."