ശബരിമല നട 11ന് തുറക്കും
പത്തനംതിട്ട: ഉത്സവത്തിനായി ശബരിമല ക്ഷേത്രം 11ന് വൈകിട്ട് അഞ്ചിന് തുറക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ കൊടിയേറ്റ് 12ന് രാവിലെ 7.30നും 8.25നും മധ്യേയാണ് നടക്കുക. ഇത്തവണ മീനമാസ പൂജയും ഉത്സവത്തോടൊപ്പം നടക്കും. ഉത്സവത്തിനു മുന്നോടിയായുള്ള ശുദ്ധിക്രിയ 11ന് വൈകിട്ട് ഏഴിന് ആരംഭിക്കും. തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും. ശേഷം ബിംബ ശുദ്ധിക്രിയകളും നടക്കും.
13 മുതല്‍ 20 വരെ എല്ലാ ദിവസവും ഉത്സവബലിയും ശ്രീഭൂതബലിയും നടക്കും. 12 മണിയോടെ ഉത്സവ ബലിക്കായി വിളക്കുവയ്ക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെയാണ് ഉത്സവബലി ദര്‍ശനം. രാത്രി 9.30ന് ശ്രീഭൂതബലി തുടങ്ങും. 16 മുതല്‍ 20 വരെ വിളക്കിനെഴുന്നള്ളിപ്പ് നടക്കും.
20ന് രാത്രി 10ന് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. വാദ്യമേളങ്ങള്‍ ഇല്ലാതെയാണ് ശരംകുത്തിയിലേക്കു പോകുക. ഉത്സവത്തിനു സമാപനം കുറിച്ച് 21ന് രാവിലെ 11ന് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ടിനുശേഷം സന്ധ്യയോടെ സന്നിധാനത്ത് എഴുന്നള്ളത്ത് തിരിച്ചെത്തും. തുടര്‍ന്നു കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും പുലര്‍ച്ചെ 4.30 മുതല്‍ 10 വരെ ഭക്തര്‍ക്ക് നെയ്യഭിഷേകത്തിന് അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."