ബാലനിരാശയുടെ തീരാശാപമേറ്റ യു.ഡി.എഫ്
പണ്ട് എല്‍.ഡി.എഫ് ഭരണകാലത്തു രൂപീകരിച്ച ജില്ലാ കൗണ്‍സിലുകള്‍ പിന്നീടു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍ മൂന്നു ബാലന്‍മാര്‍ക്കാണ് പണി പോയത്. കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടി.കെ ബാലനും കോഴിക്കോട് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കെ. ബാലനും പാലക്കാട് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന എ.കെ ബാലനും. ഇവരില്‍ എ.കെ ബാലന്‍ ഇപ്പോള്‍ മന്ത്രിയാണ്. ഏതായാലും അന്നത്തെ സ്ഥാന നഷ്ടത്തിന്റ സങ്കടം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ അദ്ദേഹത്തിന് ഒരവസരം ഇന്നലെ വീണുകിട്ടി. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ സ്ഥലത്തില്ലാത്തതിനാല്‍ പഞ്ചായത്ത് രാജ് രണ്ടാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത് മന്ത്രി ബാലനെയാണ്. ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം പഴയ ജില്ലാ കൗണ്‍സില്‍ കാലത്തിന്റെ ഓര്‍മകളിലേക്കു കടന്നു.
വലിയ പ്രതീക്ഷയോടെയാണ് താനുള്‍പെടെയുള്ള ബാലന്‍മാര്‍ അന്ന് ചുമതലയേറ്റു ഭരണം തുടങ്ങിയതെന്ന് മന്ത്രി. എന്നാല്‍, ജില്ലാ കൗണ്‍സില്‍ പിരിച്ചുവിട്ടതോടെ വലിയ നിരാശയുണ്ടായി. യു.ഡി.എഫ് സര്‍ക്കാരിന്റെ ആ നടപടിയെ അന്ന് പലരും എതിര്‍ത്തിരുന്നു. യു.ഡി.എഫ് സര്‍ക്കാരിനു ബാലശാപമുണ്ടാകുമെന്ന് അന്ന് സുകുമാര്‍ അഴീക്കോട് പറയുകയുണ്ടായെന്നും ബാലന്‍. യു.ഡി.എഫ് സഭയില്‍ ശോഷിച്ചത് ഈ ബാലശാപമേറ്റാവാം.
അതെന്തായാലും കേരളത്തില്‍ കാര്യമായ വികസനമുണ്ടാക്കിയത് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടാണെന്നാണ് ഭരണപക്ഷത്തിന്റെ വാദം. അതു തന്നെ എല്‍.ഡി.എഫിനു മാത്രം സാധിക്കുന്ന കാര്യമാണെന്നതില്‍ സജി ചെറിയാന് ഒട്ടുമില്ല സംശയം. അതുകൊണ്ടാണ് എല്‍.ഡി.എഫിനു ജനപിന്തുണ കിട്ടുന്നത്. ഇക്കാര്യം വേണ്ടതുപോലെ ചെയ്യാത്തതുകൊണ്ടാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിനു ഭരണം നഷ്ടമായതെന്നും സജി ചെറിയാന്‍. എന്നാല്‍, ഇതുപോലുള്ള വികേന്ദ്രീകൃത വികസനമൊന്നും ഇടതുപക്ഷം ഭരിച്ച പശ്ചിമ ബംഗാളില്‍ കണ്ടില്ലല്ലോ എന്നായി പി.കെ ബഷീര്‍.
ഇടതുപക്ഷം ഉണ്ടാക്കിയ ജില്ലാ കൗണ്‍സിലിനു കാര്യമായ അധികാരങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അതു പിരിച്ചുവിട്ടത്. പഞ്ചായത്ത് അംഗങ്ങള്‍ക്ക് അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം ബന്ധപ്പെട്ട അധികൃതര്‍ക്കു സമര്‍പ്പിക്കാനുള്ള കാലാവധി തെരഞ്ഞെടുക്കപ്പെടുന്ന തിയതി മുതല്‍ 15 മാസമായിരുന്നത് 30 മാസമാക്കുന്ന നിയമ ഭേദഗതിക്കെതിരേ ബഷീര്‍ കത്തിക്കയറുമ്പോള്‍, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്(ബഷീറിന്റെ ഭാര്യ) കണക്കൊക്കെ കൃത്യമായി കൊടുത്തിട്ടുണ്ടോ എന്ന് എം. നൗഷാദിന്റെ ചോദ്യം. അവര്‍ വിവരമുള്ളവരാണെന്നും എന്തൊക്കെ ചെയ്യണമെന്ന് അറിയാമെന്നും ബഷീറിന്റെ മറുപടി.
ഏറെക്കാലത്തിനു ശേഷം കെ.എം മാണിയും പി.സി ജോര്‍ജും ഒരു വിഷയത്തില്‍ യോജിച്ചു. സ്വത്തുവിവരം സമര്‍പ്പിക്കാന്‍ ഇത്രയധികം സമയം നല്‍കേണ്ടതില്ലെന്ന് ബില്ലിനു തടസ്സവാദമുന്നയിച്ച് മാണി. അതുകൊണ്ട് ബില്‍ പിന്‍വലിക്കണമെന്നായിരുന്നു ജോര്‍ജിന്റെ വാദം.
എന്നാല്‍, സബ്ജക്ട് കമ്മിറ്റിയുടെ പരിഗണന കഴിഞ്ഞെത്തിയ ബില്ലിനുള്ള തടസ്സവാദം നിലനില്‍ക്കില്ലെന്നും അതു സബ്ജക്ട് കമ്മിറ്റിക്കു പോകുന്നതിനു മുമ്പു തന്നെ ഉന്നയിക്കേണ്ടിയിരുന്നെന്നും പറഞ്ഞ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തടസ്സവാദം തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."