ഇന്ത്യ -പാക് സംഘര്‍ഷം; സമാധാന ശ്രമങ്ങളെ പിന്തുണക്കുമെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ നിലപാട് ആവര്‍ത്തിച്ച് ചൈന. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തിന് അയവുവരുത്തി സമാധാനം സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു.
ഏഷ്യയിലെ പ്രധാന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. പരസ്പര ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളുടെയും സംഘര്‍ഷം പരിഹരിക്കാനാവുമെന്നാണ് വിശ്വസിക്കുന്നത്. മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കുമായി ചൈന എല്ലാ വിധ ശ്രമങ്ങളും നടത്തും. സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുകയാണ്. അസ്വാരസ്യം ആരംഭിച്ചതു മുതല്‍ ഇരു രാജ്യങ്ങളുമായി ബന്ധപ്പട്ടുകൊണ്ടിരിക്കുകയാണ്. സമാധാനത്തിനായി നിര്‍മാണാത്മക പങ്ക് വഹിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ദൂതനെ ചൈന അയക്കുമെന്ന പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ അവകാശവാദത്തില്‍ പ്രതികരിക്കാന്‍ ലു കാങ് തയാറായില്ല. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈന പ്രത്യേക ദൂതനെ അയക്കുമെന്നു ഖുറേഷിയെ ഉദ്ധരിച്ച് മാര്‍ച്ച് രണ്ടിനാണു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഖുറേഷിയുടെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും, പ്രശ്‌നങ്ങള്‍ സൗഹാര്‍ദപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ അവര്‍ക്കാകുമെന്ന് കാങ് വ്യക്തമാക്കി. കശ്മിര്‍ വിഷയത്തില്‍ മറ്റൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്.
ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയില്‍ സമാധാനത്തിനായി മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."