മലമ്പുഴയിലേക്കെത്തുന്ന പുഴകളെല്ലാം വറ്റി; ഡാമിലെ ജലനിരപ്പ് താഴ്ന്നു
പാലക്കാട്: പൊള്ളുന്ന കൊടുംചൂടില്‍ വേവുന്ന പാലക്കാട് ഇനി കുടിവെള്ളവും മുട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെപോക്ക്. ജില്ലയിലെ പ്രധാന ജലസംഭരണിയായ മലമ്പുഴ ഡാമും വറ്റി വരണ്ടു തുടങ്ങി. ഡാമിലേക്കെത്തുന്ന ചെറുതും വലുതുമായ 13 പുഴകളില്‍ മിക്കതും വറ്റി തുടങ്ങി. അല്‍പ്പം നീരൊഴുക്കുള്ളത് ഒന്നാംപുഴ, ചെറുപുഴ, മൈലാടിപുഴ, സര്‍ക്കാര്‍പുഴഎന്നിവയില്‍ മാത്രമാണ്. നല്ലൊരു മഴകിട്ടിയില്ലെങ്കില്‍ ഈ പുഴകളും വറ്റും. എലിവാല്‍തോട്, വേലംപൊറ്റ വലിയപുഴ, പൂക്കുണ്ട് തോട്, കൊച്ചിത്തോട്, കല്ലമ്പുഴ, കുണ്ടന്‍തോട്, അയ്യപ്പന്‍പൊറ്റ തോട്, കവവെള്ളച്ചാട്ടം എന്നിവയൊക്കെ ഇപ്പോള്‍ വരണ്ട നിലയിലാണ്. കഴിഞ്ഞ മൂന്നുമാസമായി ഇവയിലൂടെയുള്ള ഒഴുക്ക് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്തു് ഇവയൊക്കെ കവിഞ്ഞൊഴുകി ഡാം നിറഞ്ഞു വെള്ളം തുറന്നു വിട്ടിരുന്നു. ഇപ്പോള്‍ ഈ പുഴകളെല്ലാം മരിച്ചഅവസ്ഥയിലാണ്. പാലമല, കൂമന്‍കുണ്ട്, മുള്ളന്‍മല,കൊണ്ടമല,കുണ്ടുമുറപുല്ലു്്, താമരക്കുളം മൈന്‍സ് , അടുപ്പൂട്ടിമല എന്നിപ്രദേശങ്ങളില്‍ നിന്നുമാണ് പുഴകളും തോടുകളും ഉത്ഭവിക്കുന്നത്. ഇവിടങ്ങളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതും, ഉത്ഭവ സ്ഥാനത്തെ തോടുകള്‍ തമിഴ്‌നാട് ഗതിമാററി തിരിച്ച് കൊണ്ട് പോകുന്നതുമാണ് പുഴകളില്‍ ജലമൊഴുക്ക് ഇല്ലാതാവാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വലിയൊരു പ്രളയമുണ്ടായിട്ടും,പുഴകളൊക്കെ നിറഞ്ഞൊഴുകിയിട്ടും തുള്ളിവെള്ളം പോലും ഇപ്പോഴില്ലാത്ത അവസ്ഥ വരുംവര്‍ഷങ്ങളില്‍ മലമ്പുഴ ഡാമിലെ കുടിവെള്ളവിതരണത്തെ കാര്യമായി ബാധിക്കാനിടയുണ്ടെന്നും,വൃഷ്ടിപ്രദേശങ്ങളെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് ഇനി നടപ്പിലാക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.
മലമ്പുഴയില്‍ ഇനി കുടിവെള്ളത്തിനുള്ള ജലം മാത്രം
പാലക്കാട് : മലമ്പുഴ ഡാമില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞവെള്ളമാണ് ഇന്നലെ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 34 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ 33 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേ ഉണ്ടായിരുന്നുള്ളു.
ഈ വെള്ളം കൊണ്ട് ഇത്തവണ കുടിവെള്ളത്തിന് മാത്രമേ തികയുവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എ.പദ്മകുമാര്‍ പറഞ്ഞു. അത്യാവശ്യം വേണ്ടിവന്നാല്‍ പട്ടാമ്പി, ഒറ്റപ്പാലം, ഷൊര്‍ണുര്‍ പ്രദേശത്തെ കുടിവെള്ളത്തിന് തുറന്ന് വിടാന്‍ കഴിയുമെങ്കിലും, കൃഷിക്ക് വെള്ളം നല്‍കാന്‍ കഴിയില്ല. കൃഷിക്ക് വെള്ളം വിട്ടാല്‍ കുടിവെള്ളം മുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മലമ്പുഴ ഡാമിലേക്ക് എത്തുന്ന പുഴകളും, തോടുകളും വറ്റി തുടങ്ങിയതാണ്ഇതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."