പാര്‍ക്ക് ചെയ്ത് സ്ഥിരം തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊലിസ് പൊക്കി മാറ്റും
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ റോഡുകളില്‍ ഉപേക്ഷിക്കപ്പെട്ടതും രാവും പകലും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതുമായ വാഹനങ്ങള്‍ക്കെതിരേ സിറ്റി പൊലിസ് നടപടി തുടങ്ങി. ഇത്തരത്തില്‍ 250 ഓളം വാഹനങ്ങള്‍ റോഡില്‍ സ്ഥിരമായി കിടക്കുന്നതായി ട്രാഫിക് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഉപേക്ഷിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് മുന്നറിയിപ്പു നല്‍കി.
വീട്ടില്‍ പാര്‍ക്ക് ചെയ്യാതെ റോഡില്‍ ദിവസങ്ങളോളം പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകളെ കണ്ടെത്തി പൊലിസ് നോട്ടീസ് നല്‍കും. തുടര്‍ന്നും പാര്‍ക്ക് ചെയ്താല്‍ മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം നിയമ നടപടികളും വാഹന ഉടമയ്ക്ക് നേരിടേണ്ടിവരും. അതിനുശേഷം വാഹനങ്ങള്‍ പൊക്കിമാറ്റി പൂന്തുറ മില്‍ക്ക് കോളനിയിലെ പൊലിസ് യാര്‍ഡില്‍ തള്ളുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
കാറുകളാണ് ഏറ്റവും കൂടുതലായി റോഡില്‍ ഉപേക്ഷിച്ചിട്ടുള്ളത്. പരുത്തിക്കുഴി- ഈഞ്ചക്കല്‍ ചാക്ക റോഡിലും കരമന ബണ്ട് റോഡിലും പട്ടം- പ്ലാമൂട്, സ്റ്റാച്യു, ജനറല്‍ ആശുപത്രി ഭാഗത്താണ് വാഹനങ്ങള്‍ സ്ഥിരമായി രാവും പകലും പാര്‍ക്ക് ചെയ്യുന്നതായി പൊലിസ് കണ്ടെത്തിയത്. വീട്ടില്‍ പാര്‍ക്കിങ് സ്ഥലമുള്ള ചിലര്‍ പഴയ വാഹനങ്ങള്‍ റോഡില്‍ തള്ളിയിട്ടുണ്ടെന്നു പൊലിസ് പറഞ്ഞു. റോഡില്‍ ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ പൊക്കി മാറ്റിയാല്‍ നഗരത്തില്‍ പാര്‍ക്കിങ്ങിനു കൂടുതല്‍ സ്ഥലം കിട്ടും. ഇതിലൂടെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പൊലിസ് അറിയിച്ചു.
നഗരത്തില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സിറ്റി പൊലിസ് ഈ മാസം തുടങ്ങിയ പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡില്‍ ഉപേക്ഷിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി എടുക്കുന്നത്. ഇതോടൊപ്പം കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുന്ന തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പൂര്‍ണമായി നീക്കം ചെയ്യുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."