മെല്‍ബണില്‍ മലയാളി യുവാവിന്റെ കൊലപാതകം: ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷം തടവ്
മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി യുവാവ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയുടേയും കാമുകന്‍ അരുണ്‍ കമലാസനന്റെയും ശിക്ഷ വിക്ടോറിയന്‍ സുപ്രിംകോടതി പ്രഖ്യാപിച്ചു. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് കേസില്‍ വാദം കേട്ട ജൂറി നേരത്തേ വിധിച്ചിരുന്നു.
സ്വാഭാവിക മരണമെന്ന രീതിയിലുള്ള അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പുനലൂര്‍ സ്വദേശിയും യു.എ.ഇ എക്‌സേഞ്ച് ജീവനക്കാരനുമായ സാം എബ്രഹാം (33) ആണ് പത്തുമാസം മുന്‍പ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യ സോഫിയയാണ് കൊലപാതകം നടത്തിയത്. മലയാളിയായ കാമുകന്‍ അരുണിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്ന് ഡിറ്റക്ടീവുകള്‍ കണ്ടെത്തി. സാമിനും സോഫിയക്കും നാലു വയസ് പ്രായമായ കുട്ടിയുണ്ട്.
ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു സോഫിയ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പൊലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം തെളിഞ്ഞു. ഇതിനായി സോഫിയയുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പൊലിസ് പരിശോധിച്ചിരുന്നു. ഇവരുടെ താമസസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡി.എന്‍.എ സാംപിള്‍ പരിശോധനയും നടത്തി.
സാമിനെ കൊലപ്പെടുത്തുന്നതിന്റെ മൂന്നു മാസം മുന്‍പ് ഭാര്യയും കാമുകനും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലിസ് കണ്ടെത്തി. ഈ ആക്രമണത്തില്‍ അബ്രഹാമിന്റെ കഴുത്തിനും കവിളിനും പരുക്കേറ്റിരുന്നു. കൊലപാതകത്തിനു ശേഷം സോഫിയ പ്രാന്തപ്രദേശത്തെ വീട്ടിലേക്ക് താമസം മാറിയതാണ് സംശയത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."