സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍: അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും.
കര്‍ഷക ആത്മഹത്യകളില്‍ പലതിലും ബാങ്കുകളുടെ സമ്മര്‍ദമാണ് വില്ലനാകുന്നതെന്ന കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം കൂടാന്‍ തീരുമാനിച്ചത്. കാര്‍ഷിക കടങ്ങള്‍ മാത്രമല്ല, കൃഷി അനുബന്ധമായി എടുത്ത കടങ്ങളും കര്‍ഷകര്‍ക്കുണ്ട്. ഇത്തരം കടങ്ങള്‍ക്കെതിരേ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കാന്‍ ബാങ്കുകള്‍ മുതിരുന്ന സാഹചര്യമാണ്. ഇത് പ്രത്യേകം ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. നാളെ മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കുന്ന തീരുമാനം നാളെ ബാങ്ക് പ്രതിനിധികളെ അറിയിക്കാനാണ് തീരുമാനം.
പ്രളയദുരന്തത്തിനുശേഷം ഇതുവരെ സംസ്ഥാനത്ത് പതിനൊന്നോളം കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ കണക്ക്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ മാത്രം അഞ്ചോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രളയത്തില്‍ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് മിക്കവരും ജീവനൊടുക്കാന്‍ കാരണമായതെന്നാണ് വിവരം. ഇടുക്കിയില്‍ മാത്രം 11,000 ഹെക്ടര്‍ കൃഷി ഭൂമിയാണ് പ്രളയത്തില്‍ നശിച്ചത്. വായ്പാ തിരിച്ചടവാണ് ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും വായ്പകള്‍ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പല ബാങ്കുകളും സര്‍ഫാസി നിയമത്തിന്റെ മറവില്‍ ജപ്തി നടപടികള്‍ തുടരുകയാണ്. പ്രളയത്തില്‍ ജീവനോപാധികള്‍ തകര്‍ന്നതോടെ ബാങ്കുകളുടെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് സംഘടനകള്‍ പറയുന്നത്.
കര്‍ഷകര്‍ക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ജപ്തി നോട്ടിസ് അയച്ച് ഗുണ്ടകളെ പോലെയാണ് ബാങ്കുകള്‍ പെരുമാറുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ ഇതുകണ്ട് ഭയപ്പെടേണ്ടെന്നും ഇത്തരം നടപടിക്കെതിരേ സര്‍ക്കാര്‍ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.
വായ്പാനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് 12ന് നബാര്‍ഡ് റിസര്‍വ് ബാങ്ക് പ്രതിനിധികളെ കാണുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."