അടിസ്ഥാന സൗകര്യ വികസനത്തില്‍ ജില്ലയ്ക്ക് 500 കോടിയിലേറെ
മലപ്പുറം: പിണറായി വിജയന്‍ മന്ത്രിസഭയുടെ പ്രഥമ ബജറ്റില്‍ ജില്ല കാത്തിരിക്കുന്ന പല പദ്ധതികളെക്കുറിച്ചും പ്രഖ്യാപനം ഉണ്ടായില്ല. പല മണ്ഡലങ്ങളിലും അനുവദിച്ച അടിസ്ഥാന വികസന പദ്ധതികളാണു ജില്ലയ്ക്ക് ആശ്വാസമായത്. ഇടതു മണ്ഡലങ്ങളായ പൊന്നാനി, തവനൂര്‍ എന്നിവയ്ക്കു പുറമേ ഇത്തവണ ഇടത്തോട്ടു ചാഞ്ഞ നിലമ്പൂര്‍ മണ്ഡലത്തിന്റെ പേരും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ മുഴങ്ങിക്കേട്ടു. ജില്ലാ ആസ്ഥാനമെന്ന നിലയില്‍ മലപ്പുറം മണ്ഡലത്തിനും ബൃഹത് വിവിധോദ്ദേശ്യ വ്യവസായ സോണുകളിലൊന്നു മങ്കട മണ്ഡലത്തിലെ 700 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതുമാണു ബജറ്റില്‍ ജില്ലയ്ക്കു ലഭിച്ച പ്രത്യേക നേട്ടങ്ങള്‍. അതേസമയം പെന്‍ഷന്‍ വര്‍ധിപ്പിച്ചതടക്കം സംസ്ഥാനത്ത് മൊത്തത്തില്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ ജില്ലയ്ക്കും ഗുണം ചെയ്യും.
കൃഷി
കാര്‍ഷിക മൂല്യവര്‍ധിത വ്യവസായങ്ങള്‍ തുടങ്ങുന്നതിനായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കാര്‍ഷിക ഫാമുകള്‍ ഉപയോഗപ്പെടുത്തും. 500 കോടി രൂപ നീക്കിവെച്ച പദ്ധതിയില്‍ ജില്ലയില്‍ നാളികേര അഗ്രോപാര്‍ക്ക് തുടങ്ങും
വിദ്യാഭ്യാസം
പൊതു വിദ്യാലയങ്ങളുടെ നിലവാരമുയര്‍ത്തുന്നതിനായി ഒാരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. നടപ്പു വര്‍ഷം 250 കോടി രൂപ നീക്കിവെച്ച പദ്ധതിയില്‍ ജില്ലയിലെ 16 സ്‌കൂളുകള്‍ക്കു ഗുണം ചെയ്യും.
ആരോഗ്യം
താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളാക്കി ഉയര്‍ത്തിയ സ്ഥലങ്ങളില്‍ ഒരു വര്‍ഷത്തിനകം മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തസ്തികകള്‍ സൃഷ്ടിക്കും.
കുടിവെള്ളം,
ജല വിതരണം
സംസ്ഥാനത്തെ 10 മുനിസിപ്പാലിറ്റികള്‍ക്കും സമീപ പഞ്ചായത്തുകള്‍ക്കുമായുള്ള സമഗ്ര പദ്ധതിയില്‍ ജില്ലയിലെ പൊന്നാനി നഗരസഭയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 735 കോടി നീക്കിവെച്ചിരിക്കുന്ന പദ്ധതിയുടെ വിഹിതം പൊന്നാനി നഗരസഭയ്ക്കു ലഭിക്കും. ഡിസ്ട്രിബൂഷന്‍ ലൈനുകള്‍ ഇല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന തിരുവാലി പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തു. 162 കോടി വകയിരുത്തിയ പദ്ധതിയില്‍ തിരുവാലിയെ കൂടാതെ സംസ്ഥാനത്തെ പത്തോളം പഞ്ചായത്തുകളും ഉണ്ട്.
കലയും സംസ്‌കാരവും
14 ജില്ലാ കേന്ദ്രങ്ങളിലുമായി ആരംഭിക്കുന്ന കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങളിലൊന്നു മലപ്പുറത്തു നിര്‍മിക്കും. അബ്ദുറഹ്മാന്‍ സാഹിബിന്റെ പേരിലായിരിക്കും ജില്ലാ ആസ്ഥാനത്തെ സമുച്ചയം. ഇതിനായി 40 കോടി വകയിരുത്തി. എം.ടി വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ തിരൂരില്‍ പ്രവര്‍ത്തിക്കുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന് വാര്‍ഷിക ഗ്രാന്റ് 30 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
സ്‌പോര്‍ട്‌സ്
ജില്ലയില്‍ പി. മൊയ്തീന്‍കുട്ടി ഇന്‍ഡോര്‍ സ്‌റ്റേഡിയം. സംസ്ഥാനത്തു തെരഞ്ഞെടുക്കപ്പെട്ട 25 പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളില്‍ രണ്ടെണ്ണം ജില്ലയിലാണ്. അഞ്ചു കോടി രൂപ വീതം നീക്കിവെച്ച പദ്ധതിയില്‍ ജില്ലയിലെ എടപ്പാള്‍ ഗവ.എച്ച്.എസ്.എസ്, നിലമ്പൂര്‍ മിനി സ്റ്റേഡിയം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം
ജില്ലയില്‍ പുതുതായി മൂന്നു പാലങ്ങളാണു ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന 137 റോഡുകളില്‍ തിരൂര്‍ കടലുണ്ടി റോഡ്(15 കോടി), കോട്ടക്കല്‍ കോട്ടപ്പടി റോഡ്(10 കോടി), നിലമ്പൂര്‍ നായടം പോയില്‍ റോഡ്(15), കടുങ്ങല്ലൂര്‍ വിളയില്‍ റോഡ്(10 കോടി), മുത്തൂര്‍- കുറ്റൂര്‍- കിഴക്കേമുത്തൂര്‍ റോഡ്(10 കോടി), പൊന്നാനി തീരദേശ കര്‍മ റോഡ്(30 കോടി), മഞ്ചേരി- ഒലിപ്പുഴ റോഡ്(10 കോടി), ടിപ്പുസുല്‍ത്താന്‍ റോഡ്(ആശാന്‍പടി- പടിഞ്ഞാറേക്കര)(10 കോടി) എന്നിവയെ ഉള്‍പ്പെടുത്തി.
പുതുതായി നിര്‍മിക്കുന്ന 14 റിയില്‍വേ മേല്‍പ്പാലങ്ങളില്‍ ഒന്ന് ജില്ലയിലാണ്. ചേളാരി- ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലം(10 കോടി)
വ്യവസായം
കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന 11 പദ്ധതികളില്‍ ഒന്നായി ജില്ലയിലെ ഇന്‍ഡസട്രിയല്‍ ഗ്രോത്ത് സെന്ററിനെ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് പുതിയ ബൃഹത് വിവിധോദ്ദേശ്യ വ്യവസായ സോണുകളിലൊന്നു മങ്കട മണ്ഡലത്തിലെ 700 ഏക്കര്‍ ഭൂമിയില്‍ തുടങ്ങും.
വിനോദ സഞ്ചാരം
പൊന്നാനിയില്‍ ടൂറിസം പരിപോഷണത്തിനായി റോഡ്, ജലഗതാഗത സൗകര്യങ്ങള്‍,വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.
തദ്ദേശസ്ഥാപനങ്ങള്‍
പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്ക് ആവശ്യമായ കെട്ടിട സൗകര്യം പ്രത്യേക ഏജന്‍സികളുമായി സഹകരിച്ചുകൊണ്ട് ഒരുക്കും. 50 കോടി രൂപ വകയിരുത്തിയ പദ്ധതിയില്‍ ജില്ലക്കു വിഹിതം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."