കേരളീയ സമൂഹത്തില്‍ നിന്ന് ചിത്രകല അകലുന്നു: സുരേന്ദ്രന്‍
പാലക്കാട്: വര്‍ത്തമാനകാല കേരളീയ സമൂഹത്തില്‍ നിന്നും ചിത്രകല പൊതുവെ അകന്നുപോവുകയാണെന്ന് എഴുത്തുകാരനായ പി. സുരേന്ദ്രന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ശില്‍പി കാനായി കുഞ്ഞിരാമനെ ആദരിക്കുന്ന യക്ഷിയാനം പരിപാടിയുടെ ഭാഗമായി മലമ്പുഴ യക്ഷിപാര്‍ക്കില്‍ നടന്ന ശില്‍പവും പരിസ്ഥിതിയും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹം സ്വതന്ത്രമായ ആധുനികതയുടെ പുഷ്‌കല കാലത്താണ് യക്ഷിശില്‍പം നിര്‍മിക്കപ്പെടുന്നതെന്നും ഇന്നാണെങ്കില്‍ ഇങ്ങനെ ഒരു ശില്‍പം നിര്‍മിക്കാന്‍ കേരളീയ സമൂഹം അനുവദിക്കില്ലെന്നും പി. സുരേന്ദ്രന്‍ പറഞ്ഞു. ലോകത്ത് യക്ഷിശില്‍പങ്ങള്‍ കുറവാണ്. റോട്ടിക് എന്നുപറയുന്ന ഇലമെന്റ് പൊതു ഇടങ്ങളിലെ ശില്‍പനിര്‍മാണ രംഗത്ത് സജീവമായത് യക്ഷി ശില്‍പത്തിലൂടെയാണ്. യക്ഷിശില്‍പം വലിയൊരു വിസ്മയമാണ്. കലാകാരന്‍മാരും സമൂഹത്തിലെ ജനങ്ങളും തമ്മില്‍ സാര്‍ഥകമായ സംവാദം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതു ഇടങ്ങളില്‍ ശില്പങ്ങള്‍ ഉയരുമ്പോള്‍ ആളുകള്‍ക്ക് ശില്‍പങ്ങളുമായി സംവദിക്കാന്‍ കഴിയുമെന്ന് തുടര്‍ന്ന് പ്രഭാഷണം നടത്തിയ സി. എസ്. ജയറാം പറഞ്ഞു. പൊതു സമൂഹവും പ്രകൃതിയുമായുള്ള ജൈവബന്ധം കലാരൂപങ്ങളിലൂടെ ആവിഷ്‌കരിക്കുന്നുണ്ട്. സാമൂഹ്യപ്രശ്‌നങ്ങള്‍ ശക്തമായി ആവിഷ്‌കരിക്കാന്‍ ശില്പങ്ങളിലൂടെ കഴിയുമെന്ന് സി. എസ്. ജയറാം സൂചിപ്പിച്ചു.
ചടങ്ങില്‍ സുധീഷ് കോട്ടേമ്പ്രം മോഡറേറ്ററായിരുന്നു. കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ സ്വാഗതവും, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാഞ്ചന സുദേവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചേളന്നുര്‍ ഗോത്രകലാ ഗ്രാമത്തിന്റെ നാട്ടറിവുകളുടെ ചൊല്‍ക്കാഴ്ച്ചയായ പൊലിത്താളം അരങ്ങേറി. ഇന്ന് വൈകീട്ട് നാലിന് കേരള ലളിതകലാ അക്കാദമിക്ക് പുതിയ പരിപ്രേക്ഷ്യം എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച നടക്കും പ്രമുഖ വ്യക്തികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ മോഡറേറ്ററായിരിക്കും, തുടര്‍ന്ന് ഹസ്‌റത്ത് ഖവാലി ഗ്രൂപ്പ് അവതരിപ്പിക്കുന്ന സൂഫി സംഗീതം അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."