കരിപ്പാലം മൈതാനത്തിന്റെ നവീകരണ ജോലികള്‍ സ്തംഭനാവസ്ഥയില്‍
മട്ടാഞ്ചേരി: ചരിത്ര പ്രധാന്യമുള്ള കരിപ്പാലം മൈതാനത്തിന്റെ നവീകരണ ജോലികള്‍ സ്തംഭനാവസ്ഥയില്‍. നിര്‍മാണ ജോലികള്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലികള്‍ പാതിവഴിയിലാണ്.
ദേശീയ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രസംഗവേദിയാക്കിയിട്ടുള്ള മൈതാനം ഏറെക്കാലം ശോചനീയാവസ്ഥയിലായിരുന്നു. മാത്രമല്ല ഇവിടം നഗരസഭയുടെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന കേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നു.ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ അധീനതയിലുള്ള മൈതാനം നവീകരിക്കാന്‍ ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ ആയിരിക്കെ എണ്‍പത് ലക്ഷം രൂപ അനുവദിച്ചത്.
നവീകരണ ജോലികള്‍ തുടക്കത്തില്‍ ദ്രുതഗതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് മന്ദഗതിയിലാകുകയായിരുന്നു.ഇതിനിടയില്‍ നവീകരണ ജോലികള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. ഫണ്ടിന്റെ അഭാവമല്ല ജോലികള്‍ നിര്‍ത്തി വെക്കാന്‍ കാരണമായത്.മറിച്ച് കരാറുകാരന്റെയും ഡിവിഷന്‍ കൗണ്‍സിലറുടേയും അനാസ്ഥയാണ് ഏറെ പ്രതീക്ഷയോടെ നാട്ടുകാര്‍ കണ്ടിരുന്ന പദ്ധതി സ്തംഭനാവസ്ഥയിലാകാന്‍ കാരണം.
നഗരസഭയിലെ കരാറുകാരില്‍ പ്രധാനിയാണ് മൈതാനത്തിന്റെ നവീകരണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്. ഇയാള്‍ക്ക് നിരവധി വര്‍ക്കുകളാണുള്ളതത്രേ. അതിനാല്‍ പ്ലാന്‍ ഫണ്ട് പ്രകാരമുള്ള നിര്‍മ്മാണ ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാണത്രേ മൈതാനത്തിന്റെ നവീകരണ ജോലികള്‍ നിര്‍ത്തി വെച്ചത്.
പ്ലാന്‍ ഫണ്ട് ജോലികളുടെ തുക പെട്ടെന്ന് കിട്ടുമെന്നതാണ് ഇത്തരം ജോലികള്‍ പെട്ടെന്ന് തീര്‍ക്കാന്‍ കരാറുകാരെ പ്രേരിപ്പിക്കുന്നത്. മൈതാനം നവീകരണത്തിന്റെ ഫണ്ട് വക മാറ്റി ചിലവഴിച്ചതായും ആക്ഷേപമുണ്ട്. മൈതാനത്തിന്റെ നവീകരണ ജോലികള്‍ പുനരാരംഭിക്കാന്‍ ഇനിയും രണ്ട് മാസം കഴിയുമെന്നാണ് സൂചന. നവീകരണ ജോലികള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."