ബസ് സ്റ്റാന്റ് നവീകരണം: പാര്‍ക്കിങിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം
ചെറുവത്തൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ചെറുവത്തൂരില്‍ ബസ് സ്റ്റാന്റ് നവീകരണ പ്രവൃത്തി ആരംഭിച്ചു. 85 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് ബസ് സ്റ്റാന്റ് യാര്‍ഡ് നിര്‍മിക്കുന്നത്. ഇതിനായി നിലവിലുള്ള ടാറിംഗ് ജെ.സി.ബി ഉപയോഗിച്ച് ഇളക്കി മാറ്റുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുന്നത്.
അതേസമയം ബസ് സ്റ്റാന്റ് നവീകരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി മുതല്‍ ചെറുവത്തൂരില്‍ ഗതാപരിഷ്‌കാരം നിലവില്‍ വന്നു. ഗതാഗത സംവിധാനങ്ങളില്‍ വന്ന മാറ്റം യാത്രക്കാരെ ബോധ്യപ്പെടുത്താന്‍ പൊലിസുകാര്‍ക്ക് നന്നേ പാടുപെടേണ്ടി വന്നു. പാര്‍ക്കിങിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങളുമുണ്ടായി. ഗതാഗത സംവിധാനത്തിലെ മാറ്റം അറിയാതെ എത്തിയ യാത്രക്കാര്‍ നന്നേ പാടുപെട്ടു. പടന്ന, മടക്കര ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറ് ഭാഗത്തുള്ള ഗ്രൗണ്ടിലും, കയ്യൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ കയ്യൂര്‍ റോഡ് ജംങ്ഷനിലുമാണു പാര്‍ക്ക് ചെയ്യുന്നത്.
ചീമേനി ഭാഗത്തേക്കുള്ള ബസുകള്‍ റെയില്‍വേ മേല്‍പ്പാലം വഴി തിരിച്ചു വന്ന്, നിലവില്‍ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിലാണ് നിര്‍ത്തിയിടുന്നത്. ഇതിന്റെ എതിര്‍വശത്തായി തൃക്കരിപ്പൂര്‍ വഴിയുള്ള ബസുകളും പാര്‍ക്ക് ചെയ്യാനാണ് തീരുമാനം. എന്നാല്‍ ചിലബസുകള്‍ ഈ രീതിയില്‍ പാര്‍ക്ക് ചെയ്യാത്തതാണ് ജീവനക്കാര്‍ തമ്മിലുള്ള വാക്കുര്‍ക്കത്തിന് ഇടയാക്കിയത്.
പയ്യന്നൂരില്‍ നിന്നു കാഞ്ഞങ്ങാടേക്കുള്ള ബസുകളും കാഞ്ഞങ്ങാട് നിന്നു പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ബസുകളും പാക്കനാര്‍ തീയറ്ററിനു സമീപം യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുണ്ട്. ഇത് ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
ഇവിടെ കാല്‍നടയാത്രക്കാരും റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെടുന്നു. അതേസമയം ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ദേശീയപാത ജങ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് ആരംഭിക്കുന്ന സ്ഥലം വരെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അറിയിച്ചിരുന്നുവെങ്കിലും പലയിടങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. റെയില്‍വേ മേല്‍പ്പാലം പരിസരത്ത് മാത്രമേ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂ എന്നാണ് അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."