പിലിക്കോട്ടെ വിദ്യാലയങ്ങളില്‍ ഇനി തെരഞ്ഞെടുപ്പ് ചൂട് വിജ്ഞാപനം ഇന്ന്
ചെറുവത്തൂര്‍: ഇന്നു വിജ്ഞാപനം വരുന്നതോടെ പിലിക്കോട് പഞ്ചായത്തിലെ എല്‍.പി യു.പി വിദ്യാലയങ്ങളില്‍ ഇനി തെരഞ്ഞെടുപ്പ് ചൂടും. ആവേശം വിതറുന്ന പ്രചരണത്തിനൊടുവില്‍ ബാലറ്റിലെ ചിഹ്നത്തില്‍ വോട്ടുരേഖപ്പെടുത്തി കുട്ടികള്‍ തങ്ങളുടെ ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുക്കും. ജനാധിപത്യ സംവിധാനത്തെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പിലിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയാണ് എല്ലാ വിദ്യാലയങ്ങളിലും ഒരേ ദിവസം, ഒരേ രീതിയില്‍ തെരഞ്ഞെടുപ്പു നടത്തുന്നത്. ഓരോ ക്ലാസില്‍ നിന്നും രണ്ടു പ്രതിനിധികളെയാണു തെരഞ്ഞടുക്കുക. സ്ഥാനാര്‍ഥികള്‍ക്ക് ബാഗ്, കുട, പുസ്തകം, ബ്ലാക്ക് ബോര്‍ഡ്, കസേര എന്നിവ ചിഹ്നങ്ങളായി നല്‍കും. പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും ഈ തെരഞ്ഞെടുപ്പിനുമുണ്ട്.
ഈ മാസം 11 ന് വൈകുന്നേരം നാലു വരെ പത്രിക സമര്‍പ്പിക്കാം. 12 നു സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചു വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. 14 ന് പ്രചരണത്തിനു കൊട്ടിക്കലാശമാകും. 15 നാണ് വിധിയെഴുത്ത്. വോട്ടെടുപ്പിനായി ഓരോ വിദ്യാലയത്തിലേക്കും ആവശ്യമായ ബാലറ്റ് പേപ്പറുകള്‍ പഞ്ചായത്ത് എത്തിച്ചു നല്‍കും. 18 ന് സത്യപ്രതിജ്ഞ, നയപ്രഖ്യാപനം, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
വലിയ ആവേശത്തോടെയാണ് കുട്ടികള്‍ തെരഞ്ഞടുപ്പ് ദിനത്തിനായി കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പിലിക്കോട് പഞ്ചായത്ത് ഈ വര്‍ഷം നടപ്പിലാക്കുന്ന വിജയരഥം വിദ്യാഭ്യാസ പദ്ധതിയിലെ ഏഴു പദ്ധതികളില്‍ ഒന്നാണ് വിദ്യാലയ പാര്‍ലമെന്റ് തെരഞ്ഞടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."