കുണ്ടന്നൂര്‍ ബണ്ട് റോഡ് തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായി
മരട്: പുനര്‍ നിര്‍മാണത്തിന് കാത്ത് നില്‍ക്കാതെ കുണ്ടന്നൂര്‍ ബണ്ട് റോഡ് തകര്‍ന്നു വീണു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച അധികൃതരുടെ നിസംഗതയാണ് റോഡ് ശക്തമായ മഴയില്‍ ഇടിഞ്ഞ് വീണതെന്ന് നാട്ടുകാരുടെ പക്ഷം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഇവിടെ ഒഴിവായത്. മരട് സ്‌കൂള്‍ വാന്‍ ദുരന്തത്തിന്റെ തേങ്ങലുകള്‍ അടങ്ങും മുമ്പേ മറ്റൊരു ദുരന്തം വഴി മാറുകയായിരുന്നു ഇവിടെ.
പുലര്‍ച്ചെ പ്രഭാത സവാരിക്കറങ്ങിയ നാട്ടുകാരാണ് റോഡിന്റെ ഒരു വശം തകര്‍ന്നിടിഞ്ഞതായി ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ബണ്ട് റോഡ് തുടങ്ങുന്ന ദേശീയ പാതയുടെ സമീപത്ത് ഓടിയെത്തി ഒഴിഞ്ഞ ടാര്‍ വീപ്പയും കല്ലുകളും മറ്റും ഉപയോഗിച്ച് റോഡ് അടച്ച് ഇത് വഴിയുള്ള ഗതാഗതം തടസം ചെയ്തു. അപകടം മനസിലാക്കിയ നാട്ടുകാര്‍ റോഡിന്റെ മറുവശമായ അര കിലോ മീറ്ററോളം ദൂൂരെയുള്ള കുണ്ടന്നൂര്‍ ചിലവന്നൂര്‍ റോഡിലേക്കുള്ള ബണ്ട് റോഡിന്റെ കവാടത്തിലേക്ക് ഓടി എത്തിയപ്പോഴേയ്ക്കും ഒരു സ്‌കൂള്‍ ബസ് നിറയെ കുട്ടികളുമായി റോഡില്‍ പ്രവേശിച്ചിരുന്നു.
റോഡിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് വീതി കുറഞ്ഞ റോഡില്‍ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂള്‍ ബസ് റോഡില്‍ നിന്ന് തിരിച്ച് പോകാനായത്. ബസ് ചിലവന്നൂര്‍ റോഡില്‍ പ്രവേശിച്ചതോടെ അവിടെയും നാട്ടുകാര്‍ ചേര്‍ന്ന് റോഡ് അടക്കുകയായിരുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.
എതിരെ വാഹനം വന്നാല്‍ ഒതുക്കുവാന്‍ സൗകര്യമില്ലാത്ത റോഡില്‍ പലപ്പോഴായി വാഹനങ്ങള്‍ പാടത്തേക്കു മറിഞ്ഞിട്ടുണ്ട്. ബൈപാസിനോടു ചേരുന്നതിന് അടുത്താണ് ബണ്ട് സ്ഥിതി ചെയ്യുന്നത്. ബണ്ടിനെ ഉറപ്പിച്ചു നിറുത്തിയിരുന്ന കല്‍ക്കെട്ട് പത്തു മീറ്ററോളം ഇടിഞ്ഞു വീണു. കല്‍ക്കെട്ടിനൊപ്പം മണ്ണും ഇളകി പോയതോടെ കലുങ്കിന്റെ ഭിത്തി കൂടുതല്‍ അപകടാവസ്ഥയിലായിരിക്കുകയാണ്. വിവരം അറിഞ്ഞ് നഗരസഭാധ്യക്ഷ സുനീല സിബി, മുന്‍ ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, കൗണ്‍സിലര്‍ രാജി തമ്പി എന്നിവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഉടന്‍ തന്നെ ഇറിഗേഷന്‍ വകുപ്പിനെ വിവരം അറിയിച്ചു. മുമ്പ് ഇവിടെ കൃഷി ചെയ്തിരുന്ന കാലത്ത് ഓരു വെള്ളം തടയുന്നതിനും മഴവെള്ളം കായലിലേക്ക് ഒഴുക്കുന്നതിനും ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച കലുങ്കിനോടു ചേര്‍ന്നുള്ള വരമ്പാണ് പിന്നീട് ബണ്ട് റോഡായി മാറിയത്.
അറ്റകുറ്റപ്പണികള്‍ക്കായി തനതു ഫണ്ടില്‍ പെടുത്തി അനുവദിച്ച പത്ത് ലക്ഷം രൂപ അടിയന്തരമായി പ്രയോജനപ്പെടുത്തുമെന്നും ഇന്നു തന്നെ കല്ലു കെട്ടല്‍ തുടങ്ങുമെന്നും നഗരസഭാധ്യക്ഷ സുനീല സിബി അറിയിച്ചു. റോഡ് മുഴുവന്‍ കല്ല് കെട്ടണമെങ്കില്‍ കോടികള്‍ വേണ്ടി വരുമെന്നതിനാല്‍ സ്ഥലം എം.എല്‍.എയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും തല്‍ക്കാലം ഇരു ചക്ര വാഹനങ്ങള്‍ക്ക് മാത്രം പോകുവാന്‍ തക്കവണ്ണം റോഡ് സജ്ജമാക്കുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."