ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചാല്‍ വടകരയില്‍ മുല്ലപ്പള്ളി തന്നെ
കോഴിക്കോട്: വടകര മണ്ഡലത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മണ്ഡലം നിലനിര്‍ത്തണമെങ്കില്‍ മുല്ലപ്പള്ളിതന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.
മുല്ലപ്പള്ളിയെ മുന്നിലിരുത്തിയായിരുന്നു ചെന്നിത്തലയുടെ മറുപടി. ഇതിനെ അനുകൂലമായ രീതിയില്‍ തന്നെയാണ് മുല്ലപ്പള്ളിയും സ്വീകരിച്ചത്. രണ്ടുപേരുടെയും ശരീര ഭാഷയും പ്രതീക്ഷ പകരുന്നതരത്തിലായിരുന്നു.
അതുകൊണ്ടു ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയുടെ പേര് തന്നെ നിര്‍ദേശിക്കും എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപന ചര്‍ച്ച സജീവമായപ്പോള്‍ മാര്‍ച്ച് ആറിനകം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നത്.
എന്നാല്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതമായി നീളാന്‍ കാരണം. മുസ്്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(എം)എന്നീ പാര്‍ട്ടികളുമായി ഇതുവരെ നടത്തിയ എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യത്തില്‍ ഇരുപാര്‍ട്ടികളും ഉറച്ചു നിന്നതോടെയാണ് ഇത്.
അധികം സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും ഇക്കാര്യത്തിലും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് മുന്നണിയിലെ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്.
കേരള കോണ്‍ഗ്രസുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയെങ്കിലും ഇതും പരാജയപ്പെടുകയായിരുന്നു.
അതെസമയം അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷ നേതാവും പറഞ്ഞു.
ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും.
കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടില്ല. അത് അവരുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പരിഹരിക്കപ്പെടേണ്ടതാണ്. സിറ്റിങ് സീറ്റുകളില്‍ മത്സരിക്കേണ്ട കാര്യങ്ങളും, കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കുന്ന കാര്യവും ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."