ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറപ്പിസ്റ്റില്ല; രോഗികള്‍ വലയുന്നു
തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറപ്പിസ്റ്റിന്റെ സേവനമില്ല. അപകടം സംഭവിച്ചും പക്ഷാഘാതം മൂലവും ഒട്ടേറെ രോഗികളാണ് ചികിത്സയ്‌ക്കെത്തുന്നത്.
എന്നാല്‍, രോഗികള്‍ക്ക് സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനങ്ങളില്‍ എത്തേണ്ട ഗതികേടാണുള്ളത്. വിദേശത്തുനിന്നടക്കം ആശുപത്രിയില്‍ രോഗികള്‍ എത്തുന്നുണ്ട്. ആയുര്‍വേദ വിഭാഗത്തോടു ചേര്‍ന്ന് ഫിസിയോതെറപ്പി യൂണിറ്റ് ഒരുക്കിയാല്‍ ഒട്ടേറെപ്പേര്‍ക്കു പ്രയോജനപ്പെടും. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ മന്ദിരനിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതില്‍ ഫിസിയോതെറപ്പി യൂണിറ്റ് ഒരുക്കാനാവുമെന്ന് ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ സ്‌പെഷലിസ്റ്റ് ഡോ. സതീഷ് വാര്യര്‍ പറഞ്ഞു. ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഒരു മുറി മതിയാകും. ഉപകരണങ്ങള്‍ക്ക് ഏതാണ്ടു മൂന്നുലക്ഷം രൂപ ചെലവാകും.
ജില്ലാ പഞ്ചായത്ത് സഹായിക്കണമെന്ന ആവശ്യം ശക്തമായി. ദിവസേന 80 മുതല്‍ നൂറുവരെ രോഗികള്‍ ശരാശരി ജില്ലാ ആയുര്‍വേദാശുപത്രിയില്‍ എത്തുന്നുണ്ട്. ആകെ 11 ഡോക്ടര്‍മാരുണ്ട്. ആറ് സ്‌പെഷ്യല്‍റ്റികളാണുള്ളത്. പന്ത്രണ്ടു വര്‍ഷമായി മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി വരുന്നുണ്ട്. ഇതില്‍ ഏഴുവര്‍ഷവും പുരസ്‌കാരം ലഭിച്ചത് തൊടുപുഴ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ്. വിദഗ്ധ ഡോക്ടര്‍മാരുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ജില്ലാ ആയുര്‍വേദാശുപത്രിയുടെ മികച്ച പ്രവര്‍ത്തനത്തിനു തടസ്സം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."