സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടാനാവാതെ ഇടതുമുന്നണിയുടെ പ്രചാരണ ജാഥ
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്ന സാഹചര്യത്തില്‍ കോഴിക്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാനാവാതെ സി.പി.എം. യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പുള്ള സിറ്റിങ് എം.പി എം.കെ രാഘവന്‍ മണ്ഡത്തില്‍ പ്രചാരണ ജാഥ പൂര്‍ത്തിയാക്കിയതോടെ എം.പിയുടെ വികസനപ്രവര്‍ത്തനങ്ങളെ തള്ളിയും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ഇടതുമുന്നണി പ്രചാരണ ജാഥ നടത്തുന്നത്.
എം.കെ രാഘവന്റെ ജനഹൃദയ യാത്രക്ക് ബദലായി കോഴിക്കോട് മോചന യാത്രയാണ് ഇടതുമുന്നണി നടത്തുന്നത്. കോഴിക്കോട്ടെ സി.പി.എം സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരിലൊരാളായ എ. പ്രദീപ്കുമാര്‍ എം.എല്‍.എയാണ് തന്റെ മണ്ഡലമായ നോര്‍ത്തില്‍ ജാഥ നയിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അതത് മണ്ഡലങ്ങളിലെ എം.എല്‍.എമാരാണ് ജാഥ നയിക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പാഴായിപ്പോയ പത്തുവര്‍ഷങ്ങള്‍ എന്ന മുദ്രാവാക്യവുമായാണ് ഇടതുപക്ഷത്തിന്റെ യാത്ര.
നിലവില്‍ പ്രചാരണത്തില്‍ യു.ഡി.എഫ് ഏറെ മുന്നിലാണെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം വരാത്തതിനാല്‍ സി.പി.എമ്മിനാകട്ടെ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാനും കഴിയുന്നില്ല. എന്നാല്‍ കുടുംബയോഗങ്ങളും ബൂത്ത്തല പ്രചാരണവുമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുകയാണ് പാര്‍ട്ടി.
ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.പി ശ്രേയാംസ്‌കുമാറാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പി.ആര്‍ വര്‍ക്കിനപ്പുറം എം.പി ഒരു വികസനവും നടത്തിയിട്ടില്ലെന്നായിരുന്നു ഉദ്ഘാടനത്തിനിടെ ശ്രേയാംസ്‌കുമാര്‍ പറഞ്ഞത്. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലാണ് പ്രദീപ്കുമാര്‍ യാത്ര നയിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ എം.പിയുടെ പങ്ക് പൊള്ളയാണെന്ന വാദമാണ് യാത്രയിലുടനീളം പ്രദീപ് കുമാര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."