കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
#രാജു ശ്രീധര്‍
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഇടതുസ്ഥാനാര്‍ഥിയുടെ ചിത്രം തെളിഞ്ഞുവരുമ്പോള്‍ ഇടതു ക്യാംപുകള്‍ ആഹ്ലാദത്തിലാണ്. സാമുദായിക വോട്ടുകള്‍ ഏതൊക്കെ സ്ഥാനാര്‍ഥിക്കു വന്നുചേരുമെന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങള്‍ രഹസ്യമായി പങ്കുവയ്ക്കുമ്പോഴും എന്‍.എസ്.എസ് നേതൃത്വം കണ്‍ഫ്യൂഷനിലാണ്. മണ്ഡലത്തിലെ ഏഴു നിയമസഭാ നിയോജകമണ്ഡലങ്ങളിലും എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും നിലപാട് നിര്‍ണായകമാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ എസ്.എന്‍.ഡി.പി ഇടതു ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോള്‍ കുഴങ്ങുന്നത് എന്‍.എസ്.എസാണ്. കൊല്ലത്ത് ആരെ തള്ളണം,ആരെ കൊള്ളണമെന്നറിയാതെ ത്രിശങ്കു സ്വര്‍ഗത്തിലാണ് എന്‍.എസ്.എസ്.
ശബരിമല വിവാദത്തോടെ ഇടതുമുന്നണിയെ പാഠം പഠിപ്പിക്കുമെന്നു ദൃഢപ്രതിജ്ഞയെടുത്ത എന്‍.എസ്.എസ് നേതൃത്വത്തിന് ഒരുപോലെ പ്രിയപ്പെട്ടവരാണ് പ്രേമചന്ദ്രനും ബാലഗോപാലും. രണ്ടു വര്‍ഷത്തിനു മുന്‍പ് തന്നെ ബാലഗോപാലിനായി എന്‍.എസ്.എസ് കേന്ദ്രങ്ങള്‍ താല്‍പര്യമറിയിച്ചിരുന്നതായാണ് അറിയുന്നത്. എന്നാല്‍ പൊടുന്നനനെയുണ്ടായ ശബരിമല വിവാദവും അതിനെത്തുടര്‍ന്ന് സി.പി.എം-എന്‍.എസ്.എസ് പോരും രാഷ്ട്രീയ ചിത്രം മാറ്റിമറിച്ചെങ്കിലും കൊല്ലത്തെ കാര്യത്തില്‍ എന്‍.എസ്.എസിന്റെ സി.പി.എം വിരുദ്ധ നിലപാട് എത്രത്തോളം പ്രവര്‍ത്തികമാകുമെന്നതിലും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.
ബാലഗോപാലിന്റെ സഹോദരന്‍ എന്‍.എസ്.എസ് ഡയരക്ടര്‍ ബോര്‍ഡംഗമാണ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അടുപ്പക്കാരനും. കൂടാതെ കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്വാധീനത്തിലും ഇടതുമുന്നണി പ്രതീക്ഷവച്ചു പുലര്‍ത്തുന്നുണ്ട്.
കേരളാ കോണ്‍ഗ്രസ്- ബിയെ മുന്നണിയിലെടുക്കാന്‍ സി.പി.എം തീരുമാനിച്ചതിനു പിന്നില്‍ പിള്ളയുടെ അക്കൗണ്ടിലുള്ള എന്‍.എസ്.എസ് വോട്ടുകളാണ്. എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ പിള്ളയെ നേരിട്ടെതിര്‍ക്കാന്‍ സുകുമാരന്‍ നായര്‍ക്ക് പരിമിതികളുമുണ്ട്.
എന്നാല്‍ എന്‍.എസ്.എസ് പൂര്‍ണമായി പിന്തുണയ്ക്കുമെന്ന വിശ്വാസമാണ് ആര്‍.എസ്.പിക്കും കോണ്‍ഗ്രസിനുമുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണി മാറി മത്സരിച്ച എന്‍.കെ പ്രേമചന്ദ്രനെതിരേ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം ഫലത്തില്‍ ബേബിയുടെ പരാജയത്തിനു ആക്കംകൂട്ടിയപ്പോള്‍ പ്രേമചന്ദ്രന്റെ വിജയം എളുപ്പമായി. 2014 ആവര്‍ത്തിക്കാന്‍ യു.ഡി.എഫും പുതുചരിത്രമെഴുതാന്‍ എല്‍.ഡി.എഫും കരുക്കള്‍ നീക്കുമ്പോള്‍ എന്‍.എസ്.എസ് നേതൃത്വത്തിന് കൊല്ലത്ത് കണ്ണടയ്ക്കാനാവില്ലെന്നതും വസ്തുതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."