അടിച്ചും തിരിച്ചടിച്ചും പ്രശ്‌നം തീര്‍ക്കാനാകില്ല
അതീവ സുരക്ഷിതമേഖലയില്‍പ്പെട്ട പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികവാഹന വ്യൂഹത്തിനിടയിലേയ്ക്ക് സ്‌ഫോടകവസ്തുക്കളുമായി കൊടും ഭീകരവാദി കടന്നെത്തിയെന്നത് സുരക്ഷാചിന്തയില്‍ ഒട്ടും ശുഭസൂചകമല്ല. എവിടെയൊക്കെയോ താളപ്പിഴയുണ്ടെന്നതിനുള്ള സാക്ഷ്യമാണത്. കശ്മിരികളെല്ലാം പാകിസ്താന്‍ അനുകൂലികളായതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്, കശ്മിരികളെല്ലാം ഭീകരവാദികളെ പിന്തുണയ്ക്കുന്നതു കൊണ്ടുമല്ല. അവിടെ പരാജയം സംഭവിച്ചിരിക്കുന്നത് ഇന്റലിജന്‍സ് സംവിധാനത്തിനും സുരക്ഷാ സംവിധാനത്തിനുമൊക്കെയാണ്.
കശ്മിരില്‍ സൈന്യത്തെ പിന്‍വലിച്ച് ജനങ്ങളെ സര്‍വതന്ത്രസ്വതന്ത്രരാക്കണമെന്ന് ആരും പറയില്ല. എന്നാല്‍ ശത്രുപക്ഷത്തേയ്ക്ക് തള്ളിവിടുന്ന നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകരുത്. പ്രദേശവാസികളും സൈനികരും 'ഭായി ഭായി' മനോഭാവത്തിലേയ്ക്കു മാറണം. കശ്മിരിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഗോത്രതാല്‍പര്യങ്ങളും സൈന്യവും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയും പാകിസ്താന്‍ മുതലെടുക്കുകയാണ്.
കശ്മിരികള്‍ വിനോദസഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചു ജീവിച്ചുപോന്നവരാണ്. ഇന്ന് ആ ഉപജീവനമാര്‍ഗം ഏതാണ്ട് അടഞ്ഞ അവസ്ഥയിലാണ്. ജീവനില്‍ കൊതിയുള്ളവരാരും പ്രകൃതിഭംഗിയാസ്വദിക്കാന്‍ കശ്മിരിലേയ്ക്കു പോകില്ല. വരുമാനമില്ലായ്മ ജനമനസുകളിലുണ്ടാക്കുന്ന അസ്വസ്ഥതയുടെ അഗ്നികുണ്ഡത്തിലേയ്ക്ക് എണ്ണയൊഴിക്കുകയാണ് പാകിസ്താന്‍.
ഇന്ത്യയുടെ വളര്‍ച്ചയില്‍ എന്നും അസഹിഷ്ണുക്കളാണ് പാകിസ്താന്‍. ഇന്ത്യയുടെ കുതിച്ചുകയറ്റം തടയാനാണ് തീവ്രവാദികളെ പോറ്റിവളര്‍ത്തി പരിശീലിപ്പിച്ചു ബോംബും തോക്കും നല്‍കി ഇവിടേയ്ക്ക് അയയ്ക്കുന്നത്. ഇപ്പോള്‍ ഇവിടെത്തന്നെ പരിശീലനക്കളരി ഒരുക്കുകയാണവര്‍. കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഇന്ത്യക്കാരായിരിക്കണമെന്ന ലക്ഷ്യം അവര്‍ തന്ത്രപൂര്‍വം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആരു മരിച്ചാലും കണ്ണീര്‍ ഇന്ത്യയില്‍ത്തന്നെ എന്ന അവസ്ഥ ഇല്ലാതാക്കിയേ തീരൂ.
കശ്മിരില്‍ കൊല്ലപ്പെടുന്ന പൊലിസുകാരും ജവാന്മാരും പ്രാദേശികവാസികളും ഭാരതത്തിന്റെ സമ്പത്താണ്. ഒരു തെറ്റും ചെയ്യാതെയാണ് അവരെല്ലാം മരിച്ചു വീഴുന്നത്. അത് എത്രയോ കാലമായി തുടരുന്നു. അവരെ കൊല്ലുന്നവര്‍ ഇവിടെത്തന്നെ ജനിച്ചവരും ഇവിടുന്നു തന്നെ പരിശീലനം കിട്ടിയവരുമാണ്. എന്തുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദികളെ സൃഷ്ടിക്കാന്‍ പാകിസ്താനു കഴിയുന്നു. പക തത്വശാസ്ത്രമായി സ്വീകരിച്ച പാകിസ്താനു മുന്നില്‍ എന്തുകൊണ്ടു നമ്മുടെ പൗരന്മാര്‍ അടിമപ്പെട്ടു പോകുന്നു.
ചമ്പല്‍കൊള്ളക്കാരുടെ കൈകളിലെ തോക്കുകള്‍ താഴെവയ്പ്പിക്കാന്‍ ജയപ്രകാശ് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എങ്ങനെ സാധ്യമായി. ഫൂലന്‍ദേവിയെന്ന കൊള്ളക്കാരി പാര്‍ലമെന്റ് അംഗമായതെങ്ങനെ. ഉത്തരം നയതന്ത്രമെന്നാണ്. ആയുധം കൊണ്ടല്ല ഇവിടെയൊന്നും വിജയം കൈവരിച്ചത്. നയതന്ത്രത്തിലൂടെയാണ്. രാഷ്ട്രാന്തര നയതന്ത്രം പോലെ പ്രാധാന്യമുള്ളതാണ് ആഭ്യന്തരനയതന്ത്രങ്ങളും.
ലോകശക്തിയായി ഇന്ത്യ അതിവേഗം വളരുകയാണ്. ഇന്ത്യയുടെ നിലപാടുകളോട് ലോകത്തിനു മതിപ്പുണ്ട്. അതുകൊണ്ടാണു പാകിസ്താനെതിരേ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്കൊപ്പം അണിചേര്‍ന്നത്. ഭാരതത്തിലെ ആഭ്യന്തര വിഷയങ്ങളില്‍ ഭരണകൂടം കാണിക്കുന്ന വംശീയ, വര്‍ഗീയ, വിഭാഗീയ മതില്‍ നിര്‍മാണം മതിയാക്കിയാല്‍ ഇന്ത്യയുടെ വളര്‍ച്ച ശതഗുണീഭവിക്കും.
ഇന്ത്യാ-പാക് യുദ്ധം ഉണ്ടാകുന്നത് ഇരുരാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്. അതൊരു പരിഹാരവുമല്ല. ഒരിടത്തും തോക്കുകളും ബോംബുകളും സംസാരിച്ചുകൂടാ. കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ നല്‍കിയ ഉപദേശം 'സാമ, ദാന, ഭേദ, ദണ്ഡമെന്നായിരുന്നു. പ്രഥമ പരിഗണന നല്‍കേണ്ടത് സാമദാനങ്ങള്‍ക്കായിരിക്കണമെന്നു സാരം. ദണ്ഡന അവസാന കൈയാണ്. ശത്രുവിനോടു പോലും കാണിക്കേണ്ടതു കാരുണ്യമാണ്.
സൈനികവാഹനവ്യൂഹത്തിലേയ്ക്കു നുഴഞ്ഞുകയറി സ്വയം പൊട്ടിത്തെറിച്ചു 40 ജവാന്മാരുടെ ജീവനെടുത്ത നടപടി കാടത്തവും കൂടിയാണ്. പാകിസ്താനില്‍ നിന്നു മര്യാദയുടെ ഭാഷയും നിലപാടും നാം പ്രതീക്ഷിക്കുന്നുമില്ല. എന്നാലും ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നു സമാധാന സാധ്യത അന്വേഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. അയല്‍പക്കത്തൊരു ശത്രുവല്ല നമുക്കാവശ്യം. നമ്മുടെ മുന്നേറ്റങ്ങള്‍ക്കു സഹായകമാകുന്ന മിത്രമാണുണ്ടാകേണ്ടത്. തീവ്രവാദം ഉല്‍പ്പാദിപ്പിക്കുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കും പാകിസ്താനും മാത്രമല്ല ലോകത്തിനു പൊതുവേ വലിയ നന്മയായി അതു മാറും.
ലോകക്രമം
ഉള്ളവര്‍ക്ക് അപ്രമാദിത്വമുണ്ടെങ്കിലും ഇല്ലാത്തവരുടെ അവസരവും അവകാശവും മാനിക്കുന്നതാണു ലോകക്രമം. ശാക്തികച്ചേരികളുടെ തകര്‍ച്ചയ്ക്കുശേഷം അമേരിക്ക നിലനിര്‍ത്തി വന്ന ലോക പൊലിസ് പട്ടം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ചൈന അമേരിക്ക വാണിജ്യയുദ്ധം ഇതിലേയ്ക്കു വെളിച്ചം വീശുന്നുണ്ട്. അമേരിക്കയുടെ നയതന്ത്ര വിദേശ ആഭ്യന്തര നയങ്ങള്‍ വാണിജ്യതാല്‍പര്യങ്ങളുമായി ബന്ധപ്പെട്ട നില്‍ക്കുന്നു. ആയുധവ്യാപാരമാണു മുഖ്യം.
ആശ്രിതരാഷ്ട്രങ്ങള്‍ അവരുടെ ബജറ്റ് വിഹിതത്തില്‍ വലിയൊരു തുക പ്രതിരോധത്തിനു നീക്കിവയ്ക്കുന്നുണ്ട്. അയല്‍ രാഷ്ട്രങ്ങളുമായി അകന്നു കഴിയാന്‍ പ്രേരകമാകുന്ന ധാരാളം ഘടകങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നു. അമേരിക്കന്‍ താല്‍പ്പര്യമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വിദേശരാഷ്ട്രങ്ങളുമായുള്ള നിലപാടുകളില്‍ ഇതു പ്രകടമാണ്.
യെമനില്‍ നീണ്ടകാലം യുദ്ധം ചെയ്യിപ്പിച്ചത് ആരാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാനികളെ വളര്‍ത്തിയതും വളര്‍ത്തിയതും ഇപ്പോള്‍ ചര്‍ച്ചക്കു നേതൃത്വം വഹിക്കുന്നതും ആരാണ്. അമേരിക്കയല്ലാതെ മറ്റാരുമല്ല. സദ്ദാം ഹുസൈനെ സൃഷ്ടിച്ചതും ഇല്ലാതാക്കിയതും അവര്‍ തന്നെ. സിറിയയിലും ലബനാനിലും ഫലസ്തീനിലും ഇപ്പോള്‍ വെനിസ്വേലയിലും ഈ ബാഹ്യരാഷ്ട്രീയ താല്‍പ്പര്യം പ്രകടമാണ്.
1947ല്‍ ഇന്ത്യയും പാകിസ്താനും സ്വതന്ത്രമാകുമ്പോള്‍ എണ്ണം പറഞ്ഞ ചണമില്ലുകളും ലോകപ്രശസ്തമായ കറാച്ചി തുറമുഖവും പാകിസ്താനു സ്വന്തമായുണ്ടായിരുന്നു. അതിലൂടെ വികസനത്തിലേയ്ക്കു കുതിക്കാന്‍ കഴിയുമായിരുന്നു. എന്നിട്ടും അമേരിക്ക പാകിസ്താന് അത്തരമൊരു മാര്‍ഗദര്‍ശനമല്ല നല്‍കിയത്. മറിച്ച്, മാരകമായ ആയുധങ്ങളും വിഷലിപ്തമായ വിദേശനയങ്ങളും അടിച്ചേല്‍പ്പിക്കുകയായിരുന്നു.
ലോകം ആയുധവിപണിയായി പരിവര്‍ത്തിപ്പിക്കാനാണ് സാമ്രാജ്യശക്തികള്‍ ശ്രമിച്ചുവന്നിട്ടുള്ളത്. ഫലസ്തീനികളെ ജന്മദേശത്തുനിന്നു നിര്‍ദ്ദാക്ഷിണ്യം അടിച്ചോടിക്കുന്ന താല്‍പര്യം വംശീയതയുടേതു മാത്രമല്ല ആയുധവ്യാപാരത്തിന്റേതു കൂടിയാണ്. ഇറാനെതിരേ വാളെടുക്കുന്നതു നന്മ ആഗ്രഹിക്കുന്നവരല്ല. സിറിയയെ താറുമാറാക്കിയ ശക്തികളും ലക്ഷ്യം വച്ചത് ആയുധപ്പുരയിലെ വിറ്റുവരവു തന്നെ.
ഐക്യരാഷ്ട്രസഭയെയുള്‍പ്പെടെ നിലയ്ക്കു നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വീറ്റോ അധികാരം ഉപയോഗപ്പെടുത്തി ഭൂരിപക്ഷ തീരുമാനം അട്ടിമറിക്കാന്‍ അമേരിക്കയ്ക്കും മറ്റും കഴിയും. അവര്‍ അതു ചെയ്യുന്നുമുണ്ട്. അമേരിക്ക ആരു ഭരിച്ചാലും അവരുടെ സാമ്പത്തികതാല്‍പ്പര്യത്തില്‍ ഒരേ നിലപാടായിരിക്കും. ഫാഷിസ്റ്റ് ജര്‍മനിയിലെ ഹിറ്റ്‌ലര്‍ക്കുശേഷം പോള്‍പോട്ട്, സ്റ്റാലിന്‍ തുടങ്ങിയ ഏകാധിപതികളുണ്ടായി. എന്നാല്‍ ട്രംപിനെപ്പോലെ ഒട്ടും വിശ്വാസ്യതയില്ലാത്ത, നിത്യേന അന്‍പതു നുണയെങ്കിലും പറയുന്ന ആളെന്ന് അമേരിക്കന്‍ പത്രങ്ങള്‍ വിലയിരുത്തിയ മറ്റൊരാള്‍ ലോകത്ത് ഇതുവരെയുണ്ടായിട്ടില്ല.
ട്രംപിനെ വംശീയ ഭ്രാന്തനെന്നു പറഞ്ഞാല്‍ അധികോക്തിയല്ല. സഊദി വംശജനായ മാധ്യമപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ അങ്കാറ എംബസിയില്‍ വച്ചു വധിക്കപ്പെട്ടപ്പോള്‍ തങ്ങളുടെ 400 ബില്യന്‍ ഡോളര്‍ ഉടമ്പടിയാണു വലുതെന്നു പറഞ്ഞ അപരിഷ്‌കൃതചിന്തയുള്ള ധനതത്വശാസ്ത്ര വിദഗ്ധനാണ് ട്രംപ്.
ലോകരാഷ്ട്രങ്ങളുടെ പല കൂട്ടായ്മകളും പല രാഷ്ട്രങ്ങളും സാമ്പത്തികമായും സാങ്കേതികമായും വളരെ വേഗം വളരുന്നതും അമേരിക്കയുടെ ലോകപൊലിസ് പട്ടത്തിന് അറുതിക്കു വഴിയൊരുക്കുന്നുണ്ട്. അരനൂറ്റാണ്ടുകാലം ലോകം യുദ്ധം ഇല്ലാതാക്കിയാല്‍ ഈ ലോകത്ത് മനുഷ്യരാരും പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടാകില്ല, ആരും ചികിത്സകിട്ടാതെ മരിക്കില്ല, ഭവനരഹിതര്‍ ഭൂമുഖത്തുണ്ടാവില്ല. അമേരിക്കയുടെ അധീശത്വവും തകര്‍ന്നുവീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."