ജില്ലയ്ക്ക് പ്രതീക്ഷയുടെ നാളുകള്‍
കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് കേന്ദ്ര പൊതുമേഖലസ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്രസര്‍ക്കാര്‍ പൂട്ടാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പുതിയ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ തെളിയുന്നത് കേരളത്തിന്റെ മറ്റൊരു വികസനനേട്ടമാണ്. ഒരു വര്‍ഷമായി സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു.
കമ്പനി ആസ്ഥാനമായ രാജസ്ഥാനിലെ കോട്ട യൂനിറ്റ് പൂട്ടാന്‍ നിശ്ചയിച്ചപ്പോള്‍ കഞ്ചിക്കോട് യൂനിറ്റും പ്രതിസന്ധിയിലായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കണ്‍ട്രോള്‍ വാള്‍വ് ഉല്‍പ്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണ് കഞ്ചിക്കോട്ടെ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന് (ബെല്‍)കണ്‍ട്രോള്‍ വാള്‍വ് നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെ നിരവധി പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ബട്ടര്‍ഫ്‌ളൈ വാള്‍വ് ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണിത്.
കഴിഞ്ഞ വര്‍ഷം മാത്രം കഞ്ചിക്കോട് യൂനിറ്റ് ആറുകോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. പത്തുവര്‍ഷത്തിനിടയില്‍ 112 കോടി രൂപയാണ് കഞ്ചിക്കോട് യൂനിറ്റിന്റെ മാത്രം ലാഭം. എന്നാല്‍, കോട്ട യൂനിറ്റ് 600 കോടി രൂപ നഷ്ടത്തിലായിരുന്നു എന്നതിനാല്‍ അവിടത്തെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കഞ്ചിക്കോട്ടെ ലാഭത്തുക ഉപയോഗിച്ചായിരുന്നു.
കഞ്ചിക്കോടിന്റെ വരുമാനം കോട്ട യൂനിറ്റില്‍ ലയിപ്പിച്ചതോടെ ഇന്‍സ്ട്രുമെന്റേഷന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും തുടര്‍ന്നു കമ്പനി പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കഞ്ചിക്കോട് യൂനിറ്റ് സ്വതന്ത്ര യൂനിറ്റായി നിലനിര്‍ത്തുക, അല്ലെങ്കില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡില്‍ ലയിപ്പിക്കുക എന്ന ആവശ്യം എം.ബി രാജേഷ് എം.പി മുന്നോട്ട് വെച്ചിരുന്നെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ എം.ബി രാജേഷിന്റെയും ഇന്‍സ്ട്രുമെന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) പ്രസിഡന്റ് എം ചന്ദ്രന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും വ്യവസായമന്ത്രി ഇ.പി ജയരാജനേയും സന്ദര്‍ശിച്ച് യൂനിറ്റിന്റെ അവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു. ഇതോടെ ഒരാഴ്ചക്കകം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ച് നടപടികള്‍ വേഗത്തിലാക്കി. 1974ല്‍ എ.കെ.ജി പാലക്കാട് എം.പി യായിരിക്കെ പാര്‍ലമെന്റില്‍ സത്യാഗ്രഹമിരുന്നാണ് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇന്‍സ്ട്രുമെന്റേഷനും ഐ.ടി.ഐയും സ്ഥാപിക്കുന്നത്.
300 സ്ഥിരം ജീവനക്കാരും നൂറോളം താല്‍ക്കാലിക തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. അനുബന്ധ പാര്‍ട്‌സുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന അഞ്ഞൂറോളം ചെറുകിട വ്യവസായ യൂനിറ്റുകളും ആയിരത്തോളം ജീവനക്കാര്‍ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷനും കീഴില്‍ ഉപജീവനം നടത്തിവരുന്നുണ്ട്. പുതിയ സര്‍ക്കാരിന്റെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് ആയിരത്തോളം വരുന്ന ജീവനക്കാര്‍. സത്വര നടപടികള്‍ പൂര്‍ത്തിയാക്കി കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലാകുന്നതോടെ ജില്ലയുടെ വികസന നേട്ടത്തിനും കഞ്ചിക്കോട്ടെ വ്യവസായ മേഖലയ്ക്കും പുതിയൊരു നാഴികക്കല്ലാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."