കുട്ടിഡ്രൈവര്‍മാര്‍ കുതിക്കുന്നു; നിയന്ത്രിക്കാനാകാതെ അധികൃതര്‍
എടപ്പാള്‍: വിദ്യാര്‍ഥികളുടെ ബൈക്ക് യാത്രയ്ക്കു പരിഹാരം കാണാന്‍ കഴിയാതെ അധികൃതര്‍. പൊലിസും മോട്ടോര്‍വാഹനവകുപ്പ് അധികൃതരും നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല.
കഴിഞ്ഞദിവസം ചങ്ങരംകുളം പൊലിസ് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച നിരവധി ബൈക്കുകള്‍ പിടികൂടി. ഇവരില്‍ ഭൂരിഭാഗം പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രാരംഭ നടപടിയെന്ന നിലയില്‍ ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു.
വീണ്ടും ഇതേ വാഹനങ്ങള്‍ നിയമലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് മുന്നറിയിപ്പും നല്‍കി. ഗ്രാമീണ റോഡുകള്‍ക്കു പുറമെ എടപ്പാള്‍ ടൗണിലൂടെ പോലും വിദ്യാര്‍ഥികള്‍ മൂന്നുപേരെ ഇരുത്തി സര്‍വിസ് നടത്തുകയാണ്. പൊലിസ് കൈ കാണിച്ചാലും നിര്‍ത്താറില്ല. ഇവരെ പിന്തുടര്‍ന്നാല്‍ അപകടത്തില്‍പെടുമോയെന്ന ഭയത്താല്‍ പൊലിസ് പിറകെ പോകാറുമില്ല. അതേ സമയം, വാഹനത്തിന്റെ നമ്പര്‍ ശേഖരിച്ച് ആര്‍.സി ഉടമയുടെ പേരില്‍ നോട്ടിസ് അയയ്ക്കാനാണു നീക്കം. വലിയ തുക പിഴ ഈടാക്കുകയും ചെയ്യും.
രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളുടെ ബൈക്ക് യാത്ര വിലക്കാറുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ബൈക്കില്‍ കുതിച്ചു പായുന്നത്. വരുംദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലിസും മോട്ടോര്‍വാഹനവകുപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."