ലക്ഷദ്വീപില്‍ ചിത്രം വ്യക്തം; പോരാട്ടം തീര്‍ത്തും 'ദേശീയം'
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: വോട്ടര്‍മാരുടെ കണക്കില്‍ രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപ് ഏറ്റവും നേരത്തെ ഫലം പ്രഖ്യാപിക്കുന്ന മണ്ഡലമാണ്. കേരളത്തിനു പുറത്ത് മലയാളം സംസാരിക്കുന്ന ഒരു ഭൂപ്രദേശമെന്ന നിലയില്‍ കേരളവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിന്റെ രാഷ്ട്രീയം എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഭിന്നമായി ദേശീയ രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. കേന്ദ്രഭരണപ്രദേശം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയകക്ഷികളുടെ ഭാഗമാകുന്നതിലാണ് ഇവിടെയുള്ളവര്‍ക്ക് താല്‍പര്യം.
ജനസംഖ്യയില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ലക്ഷദ്വീപ് ഭൂമിശാസ്ത്രപരമായി വ്യത്യസ്തത നിലനിര്‍ത്തുന്ന ഭൂപ്രദേശമാണ്. പട്ടികവര്‍ഗ മണ്ഡലമായ ലക്ഷദ്വീപിന്റെ രാഷ്ട്രീയ ചരിത്രം കോണ്‍ഗ്രസ് മേധാവിത്വം എന്നതിലുപരി പി.എം സഊദ് എന്ന വ്യക്തിത്വത്തിനൊപ്പം നിലകൊണ്ടതാണ്. എന്നാല്‍ സമീപ കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഇടിവ് സംഭവിച്ചതോടെ മണ്ഡലം പാര്‍ട്ടിക്കു നഷ്ടമായി. എന്നാല്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയ്ക്ക് വകയുള്ള മണ്ഡലമാണ് ലക്ഷദ്വീപ്.
കോണ്‍ഗ്രസ് മേധാവിത്വത്തില്‍ വിള്ളല്‍ വീഴ്ത്തി വിജയിച്ച എന്‍.സി.പി മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ സ്ഥാനാര്‍ഥി ചിത്രം വ്യക്തമാകുകയും പ്രചാരണം ആരംഭിക്കുകയും ചെയ്ത മണ്ഡലം കൂടിയാണിത്. ലക്ഷദ്വീപ് ചരിത്രത്തിന്റെ കര്‍മനിരതനേതൃത്വമായിരുന്ന പി.എം സഈദിന്റെ മകനും മുന്‍ എം.പിയും പി.സി.സി പ്രസിഡന്റുമായ ഹംദുല്ല സഈദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനു തയാറെടുക്കുകയാണ്. കോണ്‍ഗ്രസിന് നഷ്ടമായ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനായതും ഭൂരിപക്ഷം വില്ലേജ് ദ്വീപ് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന് ഊര്‍ജം പകരുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ ജില്ലാ പഞ്ചായത്ത് കവരത്തി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജം നല്‍കിയിരിക്കുകയാണ്. കോണ്‍ഗസിലെ അബ്ദുല്‍ റസാഖ് 155 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സീറ്റ് നിലനിര്‍ത്തിയത്. ഇതോടെ ജില്ലാ പഞ്ചായത്ത് കൗണ്‍സിലില്‍ കോണ്‍ഗ്രസിന്റെ അംഗബലം 22 ആയി വര്‍ധിച്ചു. പത്ത് വില്ലേജ് ദ്വീപുകളില്‍ ഏഴെണ്ണത്തിലും ഭരണം കോണ്‍ഗ്രസിനാണ്. നഷ്ടപ്പെട്ട ഭരണം വീണ്ടെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ്.
2009ലെ തെരഞ്ഞെടുപ്പില്‍ പി.എം സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് മത്സരിച്ച ഹംദുല്ല സഈദ് മികച്ച വിജയം നേടിയാണ് പാര്‍ലമെന്റിലെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ എം.പി എന്ന നിലയില്‍ ശ്രദ്ധേയനായ ഹംദുല്ലയ്ക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താനായില്ല. എന്‍.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലിന് മുന്നില്‍ 1,535 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. നിലവില്‍ കോണ്‍ഗ്രസ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയില്‍ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ ഹംദുല്ല തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുക. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രം മതി.
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും സിറ്റിങ് എം.പിയുമായ പി.പി മുഹമ്മദ് ഫൈസലിനെ തന്നെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് എന്‍.സി.പിയുടെ നീക്കം. ഔദ്യോഗികമായി ഫൈസലിന്റെ പേരും പ്രഖ്യാപിച്ചാല്‍ മതി. ഇരുവരും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു.
1967ലെ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രപതി ലക്ഷദ്വീപ് എം.പിയെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു പതിവ്. കോണ്‍ഗ്രസിന്റെ കെ. നല്ലക്കോയ തങ്ങളാണ് 1957 മുതല്‍ 1967 വരെ ലോക്‌സഭയില്‍ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചത്. 1967ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പി.എം സഈദ് ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോക്‌സഭയിലെത്തി. പിന്നീട് 1971ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച സഈദ് തുടര്‍ച്ചയായി എട്ട് തവണ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. കേന്ദ്രമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായി ദേശീയരാഷ്ട്രീയത്തില്‍ തിളങ്ങിയ സഈദിന് കാലിടറിയത് 2004ലെ തെരഞ്ഞെടുപ്പിലാണ്. ജനതാദള്‍ യുനൈറ്റഡിലെ പി. പൂക്കുഞ്ഞിക്കോയ്ക്കു മുന്നില്‍ 71 വോട്ടുകള്‍ക്കായിരുന്നു സഈദിന്റെ ആദ്യത്തേതും അവസാനത്തേതുമായ പരാജയം.
പിന്നീട് 2009ല്‍ സഈദിന്റെ മകന്‍ ഹംദുല്ലയിലൂടെ കോണ്‍ഗ്രസ് ലക്ഷദ്വീപ് തിരിച്ചുപിടിച്ചു. എന്നാല്‍ 2014ല്‍ എന്‍.സി.പി യിലെ പി.പി മുഹമ്മദ് ഫൈസല്‍ ഹംദുല്ലയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസും എന്‍.സി.പിയും പ്രധാന ശക്തികളായി ദ്വീപ് രാഷ്ട്രീയം ചേരിതിരിഞ്ഞ സാഹചര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയുമടക്കമുള്ള മറ്റു പാര്‍ട്ടികള്‍ക്ക് നാമമാത്രമായ സ്വീകാര്യത മാത്രമാണ് ദ്വീപ് സമൂഹത്തിനിടയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."