ലോക്ക് ഡൗണില്‍ കുറ്റകൃത്യങ്ങള്‍ അഞ്ചിലൊന്നായി കുറഞ്ഞു
കോഴിക്കോട്: ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ അഞ്ചിലൊന്നായി കുറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ അവസാന വാരംവരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇതുവരെ 378 ക്രിമിനല്‍ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2019 ല്‍ ഇതേ കാലയളവില്‍ 1,908 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 23 തട്ടിക്കൊണ്ടുപോകല്‍ പരാതിയും 92 പീഡനക്കേസുമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം കൊലപാതക കേസുകള്‍ക്ക് കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത അത്രതന്നെ കേസുകള്‍ ലോക്ക് ഡൗണ്‍ കാലയളവിലും റിപ്പോര്‍ട്ട് ചെയ്തു. ആറ് കൊലപാതക കേസുകള്‍. കഴിഞ്ഞ വര്‍ഷം 287 മോഷണ പിടിച്ചുപറി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ലോക്ക് ഡൗണ്‍ കാലത്ത് അത് 50 ആയി ചുരുങ്ങിയിട്ടുണ്ട്.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കു പ്രകാരം ലോക്ക് ഡൗണ്‍ കാലയളവില്‍ റോഡപകടങ്ങളിലും വലിയ കുറവാണുണ്ടായത്. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടാം വാരംവരെ ആകെ 173 അപകടങ്ങളാണുണ്ടായത്.
ഇതില്‍ 26 പേര്‍ മരിക്കുകയും 184 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,352 അപകടങ്ങളാണുണ്ടായത്. 291 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2,614 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. അതേസമയം ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം 10,592 അപകടങ്ങളും 1,047 മരണവും സംഭവിച്ചപ്പോള്‍ 11,803 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."