മുടക്കമില്ലാത്ത സേവനത്തിന് സര്‍ക്കാര്‍ കനിവില്ല
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മുടങ്ങാതെ സേവനം നടത്തി വന്ന സ്വകാര്യ പാരാമെഡിക്കല്‍ ലാബുകാര്‍ക്ക് കീറാമുട്ടിയായി വൈദ്യുതി ബില്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ബില്‍ ഒരുമിച്ചടയ്ക്കാനാണ് നിര്‍ദേശം. ലോക്ക്ഡൗണില്‍ നഷ്ടം സഹിച്ച് പ്രവര്‍ത്തിച്ചു വന്ന ലാബ് ഉടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം.
അവശ്യ സേവനങ്ങളായതിനാല്‍ ലാബുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിലേ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം 1000ത്തില്‍ അധികം വരുന്ന കേരളത്തിലെ ലാബുകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ സാമ്പത്തിക സഹായമൊന്നും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സാവകാശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
ലാബുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് ശമ്പളം, കെട്ടിട വാടക, വൈദ്യുതി ബില്‍, വേസ്റ്റ് എടുക്കുന്നതിനുളള മാസവരി തുടങ്ങി നിരവധി ചെലവുകളുണ്ട്. ലോക്ക്ഡൗണില്‍ കടുത്ത നിയന്ത്രണങ്ങളുള്ളതിനാല്‍ നാമമാത്രമായ ആളുകള്‍ മാത്രമാണ് ടെസ്റ്റുകള്‍ നടത്താന്‍ എത്തുന്നത്.
പൊതുവെ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഈ ലാബ് ഉടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
നിലവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പറ്റാത്തത്ര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കേരളാ പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗിരീഷ് സുപ്രഭാതത്തോട് പറഞ്ഞു.
വൈദ്യുത ബില്ലുകളില്‍ ഇളവു നല്‍കണമെന്നും ലോക്ക്ഡൗണ്‍ കാലത്തെ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു പലിശരഹിത വായ്പ അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."