ജെസ്‌നയുടെ തിരോധാനം: പിതാവ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പരിശോധന
കോട്ടയം: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഏന്തയാറില്‍ പിതാവ് ജെയിംസ് ജോസഫ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിര്‍മാണ കരാര്‍ ജെസ്‌നയുടെ പിതാവിന്റെ നിര്‍മാണക്കമ്പനിക്കാണ്. ആക്ഷന്‍ കൗണ്‍സില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലിസ് പറയുന്നത്. ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന നിര്‍മാണ സ്ഥലത്തായിരുന്നു പരിശോധന . വൈദ്യുതിയുടെയും വെള്ളത്തിന്റെയും കുറവ് മൂലമാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതിരുന്നതെന്നാണ് അറിയുന്നത്. ജെസ്‌നയുടെ തിരോധാനത്തില്‍ സംശയനിവാരണത്തിനായി കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, ജെസ്‌നയുടെ മൊബൈല്‍ഫോണിലെ വിവരങ്ങള്‍ അന്വേഷണസംഘം വീണ്ടെടുത്തു. ഫോണിലെ സന്ദേശങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാലിത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു.
കാണാതായ മാര്‍ച്ച് 22ന് തലേന്ന് ജെസ്‌ന ആണ്‍സുഹൃത്തിന് അയച്ച സന്ദേശവും വീണ്ടെടുത്തവയിലുണ്ട്. താന്‍ മരിക്കാന്‍ പോവുന്നു എന്നതായിരുന്നു അവസാന സന്ദേശം.
വിവരങ്ങള്‍ എന്നിവ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്.പി ടി നാരായണന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ജെസ്‌നയുടെ പിതാവിനെയും സഹോദരനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്.പി വ്യക്തമാക്കി. അതിനിടെ പ്രത്യേകസംഘം നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ജെസ്‌നയുടെ പിതാവ് ജെയിംസ് രംഗത്തെത്തി. പൊലിസ് ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."