വിസ്മയക്ക് പുതുജീവനേകി; വൈഷ്ണവിനും ശ്രീജിത്തിനും രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക്കം
പുതുക്കാട്: ചെങ്ങാലൂര്‍ രണ്ടാംകല്ലില്‍ പാറക്കുളത്തില്‍ വീണ 10 വയസുകാരിക്ക് പുതുജീവന്‍ നല്‍കിയ വിദ്യാര്‍ഥികളുടെ ധീരതയ്ക്ക് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക്കം.
പറപ്പൂക്കര ഇടുത്തന്‍ രാജന്റെ മകന്‍ വൈഷ്ണവ്, ചെങ്ങാലൂര്‍ രണ്ടാംകല്ല് പൈലവളപ്പില്‍ ശ്രീധരന്റെ മകന്‍ ശ്രീജിത്ത് എന്നിവര്‍ക്ക് രാഷ്ടപതി ഭവനില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചു. 2017 മാര്‍ച്ച് മൂന്നിനാണ് കുളത്തില്‍ വീണ പാലക്കാട് സ്വദേശി കുമാരിയുടെ മകള്‍ വിസ്മയ 40 അടി താഴ്ചയുള്ള കുളത്തില്‍ വീണത്. ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു വിസ്മയ. കുമാരി രണ്ടാംകല്ല് വിജയലക്ഷ്മി ഓട്ടുകമ്പനി തൊഴിലാളിയാണ്. രണ്ടാംകല്ല് പട്ടികജാതി കോളനിക്കു സമീപത്തെ കുളത്തില്‍ കാല്‍തെറ്റി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിസ്മയയുടെ സഹോദരിയുടെ കരച്ചില്‍ കേട്ടാണ് വൈഷ്ണവും ശ്രീജിത്തും സ്ഥലത്തെത്തുന്നത്. ഉടന്‍തന്നെ ഇവര്‍ വെള്ളത്തിലേക്കു ചാടുകയും കുട്ടിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. പേടിമൂലം കുട്ടികള്‍ സംഭവം ആരോടും പറഞ്ഞില്ല. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷമാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. പുതുക്കാട് പഞ്ചായത്തംഗം ബേബി കീടായിയുടെ നേതൃത്വത്തില്‍ വൈഷ്ണവിനേയും ശ്രീജിത്തിനേയും ആദരിക്കുകയും ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക്കിന് അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് രാഷ്ട്രപതിയുടെ പ്രതിനിധിയുടെ അറിയിപ്പ് ചെങ്ങാലൂരിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ വഴി അവാര്‍ഡ് കൈമാറുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. അനുമോദനവുമായി നിരവധി പേരാണ് വൈഷ്ണവിന്റെയും ശ്രീജിത്തിന്റെയും അടുത്തെത്തുന്നത്. പറപ്പൂക്കര പൊതുജന വിദ്യാഭ്യാസ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഷ്ണവ്. ശ്രീജിത്ത് നന്തിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."