നെട്ടൂരില്‍ പൈപ്പ് ചോര്‍ന്ന് 'കുടിവെള്ളപ്പുഴ'യായി
നെട്ടൂര്‍: കുടിവെള്ള പൈപ്പിന്റെ വാല്‍വിലൂടെ വെള്ളം ചോര്‍ന്ന് പുഴയോളമായിട്ടും ജല അതോറിട്ടി അധികൃതര്‍ക്ക് അനക്കമില്ല. തേവര കുണ്ടന്നൂര്‍ പലത്തി നടി ഭാഗത്ത് നെട്ടൂര്‍ അടിമത്തറ ഭാഗത്താണിത്.
നെട്ടൂരിലെ ജനറം ജല ശാലയില്‍ നിന്നും തേവരയിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിന്റെ വാല്‍വിലാണ് ചോര്‍ച്ചയുള്ളത്. പൈപ്പില്‍ മൂന്നു പ്രധാന വാല്‍വുകളുണ്ട് ഈ ഭാഗത്ത്. മൂന്നിലും വലിയ ചോര്‍ച്ചയാണുള്ളത്.
കൂടാതെ ഒരു മീറ്റര്‍ അടിയിലൂടെ കടന്നുപോകുന്ന വലിയ പൈപ്പിന്റെ കൂടിച്ചേരല്‍ ഭാഗത്തു നിന്നു ശക്തമായ ചോര്‍ച്ച കാണാം. നിര്‍മാണത്തിലിരിക്കുന്ന നെട്ടൂര്‍ കുണ്ടന്നൂര്‍ സമാന്തരപാലത്തിന്റെ കാലിനടി ഭാഗത്തെ പൈപ്പിലാണ് ചോര്‍ച്ച. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണു ജലസംഭരണി.
അതിനാല്‍ സംഭരണിയിലെ അമിതമര്‍ദ്ദം മൂലം ചോര്‍ച്ചയുള്ള ഭാഗത്ത് കൂടെ ശക്തമായാണു വെള്ളം പുറത്തേക്കു വരുന്നത്. ചോരുന്ന വെള്ളം സമിപത്തെ കുണ്ടന്നൂര്‍ കായലിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നതിനാല്‍, നഷ്ടപ്പെടുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധയില്‍പ്പെടുന്നുമില്ല.
പല തവണ നരസഭ അധികൃതരെയും ജല അതോറിട്ടിയെയും കുടിവെള്ള ചോര്‍ച്ച സംബന്ധിച്ച് വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
തേവര കുണ്ടന്നൂര്‍ പാലത്തിന്റെയും കാലിന് ഏതാണ്ട് അടുത്തായിട്ടാണ് ശക്തമായ ഈ കുടിവെള്ളചോര്‍ച്ച. ചോര്‍ച്ച തുടര്‍ന്നാല്‍ കാലിനു സമീപത്തെ മണ്ണൊലിച്ച് പോയി പാലം അപകടത്തിലാവാനും, ഇതു വന്‍ ദുരന്തത്തിനു കാരണമാകുമെന്നും നാട്ടുകാര്‍ ഭയക്കുന്നു. മഴക്കാലമായതിനാല്‍ അപകട സാധ്യത തിരിച്ചറിയാനും കഴിയാതെവരും.
നാല് മാസം മുമ്പ് നെട്ടൂര്‍കുണ്ടന്നൂര്‍ സമാന്തര പാലത്തിന്റെ ബീം നിര്‍മാണത്തിനിടെ മറിഞ്ഞുവീണ സംഭവുമുണ്ടായിരുന്നു. ഈ ഭാഗത്തും മണ്ണിനടിയിലൂടെ കുടിവെള്ള പൈപ്പ് കടന്നു പോകുന്നുണ്ട്.
പൈപ്പിന്റെ കൂടിചേരലുകള്‍ ഭാഗത്തു ശക്തമായ ചോര്‍ച്ച സംഭവിച്ച്, കുടിവെള്ളം നഷ്ടപ്പെടുന്നതായി ജല അതോറിട്ടി അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കുടിവെള്ള നഷ്ടത്തോടൊപ്പം കുണ്ടന്നൂര്‍ തേവര പാലത്തിന്റെ അപകടാവസ്ഥക്കും ഇതു കാരണമായേക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."