അന്ന് യേശുദാസ് റോഡ്; ഇന്ന് ബിവറേജ് റോഡ്
കുന്നംകുളം: അതിര്‍ത്തിയിലെ യുദ്ധകഥകളില്‍ കുന്നംകുളം എന്നും അഭിമാനത്തോടെയും തെല്ല് അഹങ്കാരത്തോടെയും ഓര്‍ക്കുന്ന പേരാണ് ബേസില്‍ യേശുദാസ്. അരനൂറ്റാണ്ട് മുന്‍പ് തന്റെ 28-ാം വയസില്‍ പാക്കിസ്താന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തി ഇന്ത്യന്‍ സേനയുടെ തന്നെ അഭിമാനമായി മാറിയ യോദ്ധാവാണ് ബേസില്‍ യേശുദാസെന്ന കുന്നംകുളത്തുകാരന്‍. 1965ലെ യുദ്ധത്തില്‍ ഇന്ത്യയെ തകര്‍ക്കാന്‍ വന്ന രണ്ട് പാക് ബോംബര്‍ വിമാനങ്ങള്‍ അമൃതസറില്‍ വെടിവെച്ചിട്ട ടീം ലീഡറായിരുന്നു ഇദ്ദേഹം. രാജ്യം ഈ സേവനത്തിന് വീരചക്രം നല്‍കി ആദരിക്കുകയും ചെയ്തു. അന്നും ഇന്നത്തെപോലെ തന്നെയായിരുന്നു. ജനങ്ങള്‍ അത് ആവേശത്തോടെ ഏറ്റെടുത്തു. രണ്ടു മാസത്തിന് ശേഷം തൃശൂരില്‍ തീവണ്ടിയിറങ്ങിയ യേശുദാസിന് വലിയ സ്വീകരണമായിരുന്നു. അദ്ദേഹത്തോടുള്ള ആദരവായി കുന്നംകുളത്ത് അദ്ദേഹത്തിന്റ വീട്ടിലേക്കുള്ള വഴിക്ക് യേശുദാസ് റോഡെന്നു പേരുമിട്ടു. കാലം പുരോഗമിച്ചതോടെ യേശുദാസിനെ തലമുറ മറന്നു. പിന്നീട് റോഡിന്റെ പേര് ആരുടേതെന്ന സംശയം വന്നു. അതിനെ തുടര്‍ന്ന് പുതു തലമുറയിലെ യുവാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് നിന്നും യേശുദാസെന്ന പോരാളിയെ കണ്ടെത്തിയത്. കുന്നംകുളത്തേക്ക് കൊണ്ടുവരുകയും സ്വീകരണം നല്‍കുകയും ചെയ്തു. പിന്നീട് 82-ാം വയസില്‍ അദ്ദേഹം മരിച്ചു. ഇന്ന് രാജ്യം നമിച്ച പോരാളിയുടെ പേരിലുള്ള ഈ റോഡിന്റെ പേര് പോലും ജനങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു.
ഓര്‍മപെടുത്തലിന് ഉണ്ടായിരുന്ന ബോര്‍ഡ് കാണാനില്ല. യേശുദാസ് റോഡിന് പകരമായി ബിവറേജ് റോഡ്, ആക്രി കട റോഡ് തുടങ്ങിയ പേരുകളാണ് നിലനില്‍ക്കുന്നത്. നഗരസഭയുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം കൂടിയുള്ളതിനാല്‍ തമിഴ് വംശജരിതിനെ മാലിന്യ പറമ്പായും കണക്കാക്കുന്നു. അതിര്‍ത്തിയില്‍ ശത്രുവിനേ ധീരമായി പോരാടുന്ന സൈനികരോടുള്ള ആദരവ് സത്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ മാത്രമാണെന്നതിന് ഉദാഹരണമാണ് കുന്നംകുളത്തെ ഈ യേശുദാസ് റോഡ്.
ഒരു കാലത്ത് രാജ്യം മുഴുവന്‍ നമിച്ച ഒരു ജവാനോടുള്ള ആദരവായി നിലനില്‍ക്കുന്ന ഈ റോഡിനോടുള്ള അവഗണന യഥാര്‍ഥത്തില്‍ ആ ജവാനെ അവഗണിക്കുന്നതിന് തുല്യമാണ്. ഇന്ന് നാടുമുഴുവന്‍ ജവാന്‍മാര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ സ്തുതി പാടുമ്പോഴും യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്ന് നാം മറന്നുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."