വിശ്വസിക്കാനാകാതെ ദ്രുതപരിശോധനാ ഫലം: നെഗറ്റീവായവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു
കൊച്ചി: കേരളത്തിലേക്ക് ആദ്യദിനം മടങ്ങിയെത്തിയതില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുടെയും ദ്രുതപരിശോധനാ ഫലം നെഗറ്റീവ്. പരിശോധനാഫലം വേഗം അറിയാനായി നടത്തുന്ന ദ്രുതപരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം വിമാനങ്ങളില്‍ ഇവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
യു.എ.ഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കുമാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മേയ് ഏഴിന് കേരളത്തില്‍ എത്തിയവരാണ്. കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരന്‍ ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്.
രോഗം സ്ഥിരീകരിച്ച എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24കാരന്‍ അബുദാബിയില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡ് പരിശോധന(പി.സി.ആര്‍) നടത്തിയപ്പോഴാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ദ്രുതപരിശോധനയുടെ കൃത്യത സംബന്ധിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ദ്രുതപരിശോധനയില്‍ നെഗറ്റീവ് ഫലം വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തി വെച്ചിരിക്കുകയാണ്. യു.എ.ഇയില്‍ മാത്രമാണ് ഇപ്പോള്‍ റാപ്പിഡ് ടെസ്റ്റ് തുടരുന്നത്. മറ്റ് രാജ്യങ്ങളില്‍ ശരീരോഷ്മാവ് അറിയാന്‍ നടത്തുന്ന തെര്‍മല്‍ സ്‌കാനിങ് മാത്രമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."