ഗ്രൂപ്പ് പോര് മുറുകുന്നു; കോണ്‍ഗ്രസ് നേതാവിന്റെ തട്ടിപ്പിനെതിരേ യു.ഡി.എഫ് സമരം
ആലുവ : കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് കൊടുമ്പിരി കൊള്ളുന്ന ആലുവയില്‍ കോണ്‍ഗ്രസ് നേതാവിന്റെ കോടികളുടെ തട്ടിപ്പും ഗ്രൂപ്പ് പോരിന് വഴിമാറുന്നു.
മുന്‍ എം.എല്‍.എയും, കെ.പി.സി.സി ഭാരവാഹിയുമായ കോണ്‍ഗ്രസ് നേതാവിന്റെ വലംകൈയ്യും, കോണ്‍ഗ്രസ് സംഘടനയായ നാഷണല്‍ യൂത്ത് ക്ലബ്ബ് സംസ്ഥാന സെക്രട്ടറിയുമായ തൃശൂര്‍ ചേലക്കര സ്വദേശി സുനില്‍ (40) നടത്തിയ കോടികളുടെ തട്ടിപ്പാണ് കോണ്‍ഗ്രസിന് ആലുവയില്‍ ഗ്രൂപ്പ് പോരുകള്‍ക്ക് പുതിയ വഴിയായിട്ടുള്ളത്.
തിരുകൊച്ചി സഹകരണ സൊസൈററിയുടെ പേരിലാണ് കോണ്‍ഗ്രസ് നേതാവ് എട്ടുകോടിയോളം രൂപയോളം തട്ടിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ സഹകരണ മന്ത്രിയുടെ അടക്കം ഒത്താശയോടെയാണ് തിരുകൊച്ചിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്തിയത് ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയും വിപണനോദ്ഘാടനം നടത്തിയത് സഹകരണ വകുപ്പ് മന്ത്രി ബാലകൃഷ്ണനായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പലരുടേയും രഹസ്യവും, പരസ്യവുമായ എല്ലാ ഒത്താശകളും ഈ സ്ഥാപനത്തിനുണ്ടായിരുന്നു.
കോടികളുടെ തട്ടിപ്പ് പുറത്തായ സാഹചര്യത്തിലും ഉന്നത രാഷ്ട്രീയ ഇടപെടലുകളില്‍ നടത്തി കേസ് തേയ്ചുമാച്ച് കളയാനും ഏറെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പ് നേതാക്കന്മാരാണ് തട്ടിപ്പിന് കൂട്ടുനിന്നതെന്നാരോപിച്ചാണ് എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തട്ടിപ്പ് സ്ഥാപനവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കളുടെ പങ്കാളിത്വവും, ആലുവയില്‍ അടുത്തിടെ എ ഗ്രൂപ്പില്‍ നിന്നും, ഐ ഗ്രൂപ്പിലെത്തിയ കോണ്‍ഗ്രസ് നേതാവിന്റെ പങ്കുമാണ് എ ഗ്രൂപ്പിനെ പ്രകോപിച്ചിട്ടുള്ളത്.
തട്ടിപ്പ് സംബന്ധിച്ച തങ്ങളുടെ സമരം ഗ്രൂപ്പ് പോരിന്റെ മാത്രമുള്ളതല്ലേയെന്ന് വരുത്തിത്തീര്‍ക്കുവാനായിട്ടാണ് സമരം യു.ഡി.എഫിന്റെ ബാനറിലാക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സഹകരണ തട്ടിപ്പിനെതിരെ യു.ഡി.എഫ്. നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് യു.ഡി.എഫ് ഘടകകക്ഷികളെ അറിയിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരില്‍ യു.ഡി.എഫിന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെയാണ് ഘടകകക്ഷികള്‍ രംഗത്തെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."