തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം സ്തംഭനത്തിലെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലെന്ന് പ്രതിപക്ഷ ആരോപണം.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ ജൂലൈ വരെയുള്ള പണം അനുവദിച്ചെന്നും പണം ചെലവഴിക്കാന്‍ ഒരുതരത്തിലുള്ള തടസങ്ങളുമില്ലെന്നും ധനകാര്യമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈവര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തു നിന്ന് പി.കെ ബഷീര്‍ ആണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പദ്ധതി രേഖ ഏപ്രില്‍ ഒന്നിനു തന്നെ തയാറാക്കിയതെന്ന് നോട്ടിസിന് മറുപടിയായി മന്ത്രി അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നാലു മാസത്തെ വികസന ഫണ്ടും ധനകാര്യ കമ്മിഷന്റെ ഫണ്ടും ഇതിനകം തന്നെ നല്‍കി. മാര്‍ച്ച് 31 ന് ട്രഷറിയില്‍ വന്ന ബില്ലുകളില്‍ ചിലതിന്റെ പണം നല്‍കുന്നില്ല.
ഇവയെല്ലാം പുതിയ ഉത്തരവ് പുറപ്പെടുവിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ ലൈഫ് പദ്ധതി സുഗമമായി നടക്കുമെന്നും തോമസ് ഐസക് പറഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതി എങ്ങുമെത്താത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പി.കെ ബഷീര്‍ പറഞ്ഞു.
സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം 90 ശതമാനം വരെ പദ്ധതി വിഹിതം വിനിയോഗിച്ചുവെന്ന് പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."