കംപ്യൂട്ടര്‍ പണിമുടക്കുന്നു: വല്ലാര്‍പാടം ടെര്‍മിനല്‍ തൊഴിലാളികള്‍ ദുരിതത്തില്‍
കൊച്ചി : വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കസ്റ്റംസ് വിഭാഗത്തിന്റെ കംപ്യൂട്ടര്‍ സംവിധാനം ഇടക്കിടെ പണിമുടക്കുന്നത് കയറ്റിറക്ക് തൊഴിലാളികളെ വലയ്ക്കുന്നു.
കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ചരക്കുമായി എത്തുന്ന ട്രക്കുകളുടെ കാത്തു കിടപ്പ് ദിവസങ്ങളോളം നീളുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയത്ത് അനന്തമായുള്ള കാത്തു കിടപ്പ് വലിയ ദുരിതമാണ് ട്രക്ക് ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് സമ്മാനിക്കുന്നത്.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും ചരക്കുമായി എത്തുന്ന ആയിരത്തിലധികം ട്രക്ക് ഡ്രൈവര്‍മാരാണ് ദുരിതത്തിലാകുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ കസ്റ്റംസ് കംപ്യൂട്ടര്‍ സംവിധാനം പണിമുടക്കിയിരിക്കുകയായിരുന്നു. ഇതോടെ ചരക്കുമായി എത്തിയ എഴുന്നൂറോളം ട്രക്കുകള്‍ ചരക്ക് ഇറക്കാനാകാതെ വല്ലാര്‍പാടത്ത് കാത്തു കിടപ്പായി. ചരക്ക് എടുക്കാനെത്തിയ ട്രക്കുകളും ദുരിതത്തിലായി. ഇവയില്‍ പണിയെടുക്കുന്ന ആയിരത്തിലേറെ തൊഴിലാളികളാണ് ദിവസങ്ങളോളം വല്ലാര്‍പാടത്തും പരിസരത്തുമായി അനിശ്ചിതമായി കഴിയേണ്ടിവന്നത്. ഇന്നലെ രാവിലെ മുതല്‍ കസ്റ്റംസ് കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പൂര്‍ണതോതില്‍ ആയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
മുമ്പും കംപ്യൂട്ടര്‍ തകരാര്‍ പതിവായിരുന്നു എങ്കിലും ഇത്രയും ദിവസം നീളുന്ന തകരാറ് അടുത്തകാലത്ത് ഇതാദ്യമാണ്. ഇതോടെ ചിലരെല്ലാം വില്ലിങ്ഡന്‍ ഐലന്‍ഡിലെ കസ്റ്റംസ് കേന്ദ്രത്തില്‍ ചെന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുത്താണ് അത്യാവശ്യകാര്യങ്ങള്‍ നടത്തിയത്. അതേസമയം, കംപ്യൂട്ടര്‍ തകരാര്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ കസ്റ്റംസ് അധികൃതര്‍ തയാറായില്ല. സംസ്ഥാനത്തിനകത്തെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ട്രക്കുകളാണ് ദിവസവും കണ്ടെയ്‌നറുകളുമായി വല്ലാര്‍പാടത്ത് എത്തുന്നത്. ചരക്ക് കയറ്റി അയയ്ക്കുന്നതിനുള്ള കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കേണ്ടത് ഇവിടെ നിന്നാണ്. വല്ലാര്‍പാടം വഴി ഇറക്കുമതി ചെയ്യുന്ന കണ്ടെയ്‌നറുകള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇത്തരത്തില്‍ നൂറുകണക്കിന് ട്രക്കുകള്‍ എത്താറുണ്ട്. കംപ്യൂട്ടര്‍ സംവിധാനം ഇടക്കിടെ പണിമുടക്കുന്നത് തൊഴിലാളികള്‍ക്ക് കൂലി നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഒരു പ്രാവശ്യം ചരക്കുമായി എത്തി മടങ്ങുന്നതിന് കിലോമീറ്റര്‍ ദൂരം അനുസരിച്ചുള്ള നിശ്ചിത തുകയാണ് ട്രക്ക് ഉടമകള്‍ ജീവനക്കാര്‍ക്ക് നല്‍കുക.
ദിവസങ്ങളോളം കിടന്നാലും അതിലധികം തുകയൊന്നും തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ചരക്കെടുക്കാന്‍ കഴിയാത്തത് തൊഴില്‍ നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ചരക്ക് എടുക്കുന്നതിനായി എത്തുന്ന ട്രക്കുകളും കസ്റ്റംസ് ക്ലിയറന്‍സ് കിട്ടാത്തതിനാല്‍ അനിശ്ചിതമായി കാത്തുകിടക്കുകയാണ്. അവര്‍ക്ക് മറ്റ് ട്രിപ്പുകള്‍ എടുക്കാന്‍ കഴിയാത്തതും വരുമാനഷ്ടം ഉണ്ടാക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സൗകര്യമില്ലാത്ത കാത്തു കിടപ്പ് കടുത്ത ദുരിതമായി മാറുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."