വേറിട്ട മാതൃകയൊരുക്കി തൊഴിലുറപ്പ് പദ്ധതി
മാവൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഏറ്റെടുത്ത് പെരുവയല്‍ പഞ്ചായത്തിന്റെ വേറിട്ട മാതൃക. പരിസ്ഥിതി ദിനത്തില്‍ വനം വകുപ്പുമായി ചേര്‍ന്ന് അരലക്ഷം മരത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.
വനം വകുപ്പ് തൈകള്‍ ഉല്‍പാദിപ്പിച്ച് പഞ്ചായത്തിന് കൈമാറും. ഇവ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടയിലാക്കി പരിപാലിച്ച് ജൂണ്‍ 5ന് വിതരണം ചെയ്യും. മണ്ണ് തിരിച്ച് മണല്‍, ചാണകം എന്നിവ ചേര്‍ത്താണ് കൂട തയാറാക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിലാണ് തൈ നടുക. ഇവ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂന്ന് വര്‍ഷം പരിപാലിക്കും. 18 ഇനം തൈകളാണ് പദ്ധതിയിലുള്ളത്. ചന്ദനം, മഹാഗണി, ലക്ഷ്മിതരു, സീതപ്പഴം, ഒങ്ങ്, കണിക്കൊന്ന, നെല്ലി, മണിമരുത്, പേരക്ക തുടങ്ങി ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും തണല്‍മരങ്ങളും ഇതില്‍ ഉള്‍പ്പെടും.
എട്ടാം വാര്‍ഡിലാണ് പദ്ധതി പ്രവര്‍ത്തനം നടക്കുന്നത്. മാമ്പുഴ സംരക്ഷണം, ജലസംരക്ഷണം, കിണര്‍-കുളം നിര്‍മാണം തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെയാണ് വനവല്‍ക്കരണത്തിനുള്ള പദ്ധതിയും തൊഴിലുറപ്പ് പദ്ധതി പ്രകാരം പെരുവയലില്‍ നടപ്പാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം കൂടകളില്‍ തൈകള്‍ നട്ട് പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്തയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല അധ്യക്ഷയായി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, പി.കെ ഷറഫുദ്ദീന്‍, സഫിയ മാക്കിനിയാട്ട്,മെമ്പര്‍മാരായ എം. ഗോപാലന്‍ നായര്‍, ആര്‍.വി ജാഫര്‍, എം. മനോഹരന്‍, എന്‍.കെ മുനീര്‍, കെ.പി അപ്പു, പ്രസീത, അസി. സെക്രട്ടറി രാജേഷ്, അസി.എന്‍ജിനിയര്‍ കെ.ഷമീര്‍, വിനോദ് എളവന പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."