ആവാസ് -അപ്നാ ഘര്‍ പദ്ധതിയിലൂടെ ഇതര സംസ്ഥാന തൊഴിലാളികളും സുരക്ഷിതരാകും
കോഴിക്കോട്: ആവാസ് -അപ്നാ ഘര്‍ പദ്ധതിയില്‍ പ്രതീക്ഷയര്‍പിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സൗഹൃദങ്ങള്‍ ഉറപ്പുവരുത്തുകയെന്നതാണ് ആവാസ് -അപ്നാ ഘര്‍ പദ്ധതികളുടെ പ്രധാനലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവരശേഖരണവും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ ്പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത്.
സംസ്ഥാനത്ത് ജോലിചെയ്യുന്ന 18നും 60 നും ഇടയില്‍ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷയും 15,000 രൂപ വരെയുള്ള സൗജന്യചികിത്സാ സഹായവും, രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആധുനിക മാതൃകയിലുള്ള ഇന്‍ഷുറന്‍സ് ലിങ്ക്ഡ് തിരിച്ചറിയല്‍ കാര്‍ഡും പദ്ധതിയിലൂടെ അനുവദിക്കും. ജില്ലാ തലത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പൊലിസ് മേധാവികള്‍ എന്നിവര്‍ പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള ചുമതലകള്‍ നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് ഇതിലൂടെ തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കൂടാതെ ഇന്ത്യയില്‍ ആദ്യമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള താമസ സൗകര്യമൊരുക്കുന്ന അപ്നാ ഘര്‍ സമുഛയത്തിനുള്ള നടപടിക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചു വരുകയാണ്. കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിന്റെ 69 സെന്റിലാണ് അപ്നാ ഘര്‍ പദ്ധതി നടപ്പാക്കുന്നത്. 45,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 12 പേര്‍ക്ക് താമസിക്കാവുന്ന 64 മുറികളാണ് ഉണ്ടാവുക. 768 പേര്‍ക്ക് താമസസൗകര്യമൊരുങ്ങുന്ന പദ്ധതിയില്‍ 32 അടുക്കളകള്‍, 96 ടോയ്‌ലെറ്റുകള്‍, എട്ട് ഊണുമുറികള്‍.
കുളിക്കാനും അലക്കാനും വിശാലമായ സൗകര്യങ്ങള്‍ക്കു പുറമേ ഓരോ നിലയിലും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഒരുക്കും. രണ്ടാം ഘട്ടത്തില്‍ എറണാംകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും പദ്ധതി പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."