എ.ടി.എമ്മില്‍ നോട്ടില്ല; വലഞ്ഞ് ജനം
കോഴിക്കോട്: ലോറി സമരം തീര്‍ന്ന് വിഷു-ഈസ്റ്റര്‍ വിപണി ഉണര്‍ന്നപ്പോള്‍ എ.ടി.എമ്മുകളില്‍ നോട്ടില്ല. നോട്ട് പ്രതിസന്ധി മിക്ക എ.ടി.എം ഇടപാടുകാരെയും ബാധിച്ചു. പലര്‍ക്കും ഈമാസത്തെ ശമ്പളത്തുക പോലും എ.ടി.എം വഴി പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല.
13ന് പെസഹ വ്യാഴം കൂടി വരുന്നതോടെ പ്രധാനമായും ഇന്നലെയായിരുന്നു എല്ലാവരും സാധനങ്ങള്‍ വാങ്ങാന്‍ നീക്കിവച്ചിരുന്ന ദിവസം. എന്നാല്‍ കറന്‍സി കൊടുത്ത് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാപനങ്ങളെ സമീപിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഇന്നു മുതല്‍ നോട്ട് പ്രതിസന്ധി മാറി പണമെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പലരും.
ജില്ലയിലെ മിക്ക എ.ടി.എം കൗണ്ടറുകളും അടഞ്ഞ് കിടക്കുകയാണ്. പണം എടുക്കാന്‍ എത്തുന്നവര്‍ ഓരോ എ.ടി.എമ്മിന്റെ മുന്‍പിലും എത്തുമെങ്കിലും നിരാശയായിരുന്നു ഫലം.
പണമുള്ള എ.ടി.എമ്മുകള്‍ക്ക് മുന്‍പില്‍ ആഴ്ചകളോളമായി ക്യൂവിന് ഇന്നലെയും കുറവുണ്ടായില്ല. പണം നിറക്കാന്‍ വരുന്നതും കാത്ത് രാത്രിയോളം ആളുകള്‍ കൗണ്ടറുകള്‍ക്കു മുന്നില്‍ കാത്തിരിക്കയാണ്.
ലോറിസമരം മൂലം പ്രതിസന്ധിയിലകപ്പെട്ട വിപണി വിഷു-ഈസ്റ്റര്‍ വരെ മുന്നില്‍ കണ്ടുകൊണ്ട് മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്ന വ്യാപാരികളെയൂം നോട്ട് പ്രതിസന്ധി ഏറെ ബാധിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്രം ബോധപൂര്‍വം നോട്ട് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയംസൗജന്യ എ.ടി.എം ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ ഇടപാടിനും പണം സ്റ്റേറ്റ് ബാങ്ക് ഈടാക്കിത്തുടങ്ങിയതും ഇടപാടുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടെ പിന്‍വലിക്കുന്ന പണം ഇടപാടുകാര്‍ മടക്കി നിക്ഷേപിക്കാന്‍ തയ്യാറാവുന്നില്ലെന്നതും നോട്ട് പ്രതിസന്ധിക്ക് കാരണമാകുന്നതായി ഇടപാടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."