കൊവിഡ് പരത്തിയ തബ്‌ലീഗ് സമ്മേളനം നടന്നതെവിടെ?; വിവാദ വിവരങ്ങളുമായി പി.എസ്.സി ബുള്ളറ്റിന്‍, വിഷയം ഗൗരവമുള്ളതല്ലെന്ന് വിശദീകരണം
മഞ്ചേരി : വര്‍ഗീയ പരാമര്‍ശമുള്ള ചോദ്യവുമായി കേരള പി.എസ്.സി ബുള്ളറ്റിന്‍. ഏപ്രില്‍ 15ന് പുറത്തിറങ്ങിയ പതിപ്പിലാണ് രാജ്യത്ത് കൊവിഡ് 19 പടര്‍ത്തിയത് തബ്‌ലീഗ് സമ്മേളനമാണെന്ന രീതിയിലുള്ള പരാമര്‍ശമുള്ളത്. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേക ലക്ഷ്യത്തോടെ വര്‍ഗീയ വിളവെടുപ്പ് നടത്തരുതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം നിലനില്‍ക്കുമ്പോഴാണ് പി.എസ്.സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ വര്‍ഗീയ ചുവയോടെയുള്ള വിവരങ്ങള്‍ നല്‍കിയത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണം അനുവദിക്കില്ലെന്നും കൊവിഡ് 19 മതം നോക്കി ബാധിക്കുന്ന രോഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനെ പൂര്‍ണമായും തള്ളിപ്പറയുന്ന രീതിയിലാണ് പി.എസ്.സിയുടെ ചോദ്യോത്തരം.
24 പേജുള്ള ബുള്ളറ്റിനില്‍ അവസാനത്തെ പേജിലാണ് വിവാദ ചോദ്യം ഉള്‍പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കൊവിഡ് 19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ്‌ലീഗ് മതസമ്മേളനം നടന്നത് എവിടെ എന്നാണ് ചോദ്യം. തൊട്ടടുത്ത വരിയില്‍ നിസാമുദ്ദീന്‍ എന്നും ബ്രാക്കറ്റില്‍ ന്യൂഡല്‍ഹി എന്നും ഉത്തരമായും രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പി.എസ്.സിയുടെ ബുള്ളറ്റിനെ ആശ്രയിക്കുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ഇത്രയും ആളുകളിലേക്ക് സര്‍ക്കാര്‍ ചിലവില്‍ വര്‍ഗീയ പരാമര്‍ശം ഉള്‍കൊള്ളുന്ന ചോദ്യോത്തരം നല്‍കിയത് ബോധപൂര്‍വമായ നീക്കമാണെന്ന സംശയമാണ് ഉയരുന്നത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തുടങ്ങിയ വര്‍ഗീയ പ്രചരണങ്ങള്‍ പി.എസ്.സിയും ഏറ്റെടുത്തതിന്റെ തെളിവായാണ് ബുള്ളറ്റിനിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ചോദ്യം തയ്യാറാക്കിയവര്‍ വര്‍ഗീയപരമായി ചിന്തിച്ചിട്ടുണ്ടാവില്ലെന്നും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ തെറ്റിധാരണ മൂലമാവും അത്തരത്തില്‍ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചതെന്നാണ് പി.എസ്.സി ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ചോദ്യങ്ങള്‍ തയ്യാറാക്കുന്നതില്‍ പി.എസ്.സിക്ക് ഉത്തരവാദിത്വമില്ലെന്നും പുറമെ നിന്നുള്ള പ്രഗത്ഭരായ ആളുകളാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നതെന്നുമാണ് പി.എസ്.സി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് പ്രൂഫ് റീഡിംങ് നടക്കാറുണ്ട്. ഇക്കാര്യം പി.എസ്.സിയും സമ്മതിക്കുന്നുണ്ട്. ചോദ്യം തയ്യാറാക്കിയത് പുറമെ നിന്നുള്ളവരാണെങ്കിലും പ്രൂഫ് റീഡിങ് നടത്തുന്നത് പി.എസ്.സിയാണ്. വര്‍ഗീയ പരാമര്‍ശമുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചത് പി.എസ്.സിയുടെ അറിവോടെയാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
രാജ്യത്ത് കൊവിഡ് 19 വ്യാപിക്കാന്‍ കാരണം തബ്‌ലീഗുകാരാണെന്ന പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് വാഹകരാണെന്നായിരുന്നു യോഗിയുടെ വര്‍ഗീയ പരാമര്‍ശം. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരില്‍ നിന്ന് സംസ്ഥാനം മുഴുവന്‍ കൊവിഡ് വ്യാപിക്കുന്നത് തടയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ ശരി വയ്ക്കുന്ന രീതിയിലാണ് പി.എസ്.സി ബുള്ളറ്റിനിലെ വിവരങ്ങള്‍.
മുഖ്യമന്ത്രി തബ്‌ലീഗ്് ജമാഅത്തിനെ കുറ്റപ്പെടുത്തരുതെന്ന് ആവര്‍ത്തിക്കുമ്പോഴും പി.എസ്.സിയുടെ നേതൃത്വത്തില്‍ വ്യക്തമായ വര്‍ഗീയ കാര്‍ഡ് ഇറക്കുകയും ചെയ്യുന്നത് സര്‍ക്കാറിന്റെ ഇരട്ടമുഖമാണ് തെളിയിക്കുന്നത്.
അതേസമയം, പി.എസ്.സി ബുള്ളറ്റിനില്‍ തബ്‌ലീഗ്് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ഗൗരവമുള്ളതല്ലെന്ന് പി.എസ്.സി അധികൃതര്‍ നല്‍കുന്ന വിശദീകരണം. രാജ്യത്ത് സംഭവിച്ച യാഥാര്‍ത്യം മാത്രമാണ് പ്രസിദ്ധീകരിച്ചത്. ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് പുറമെ നിന്നുള്ളവരാണ്. പ്രൂഫ് റീഡിങ് നടത്താറുണ്ടെങ്കിലും പലപ്പോഴും ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരെ വിശ്വാസത്തില്‍ എടുക്കുന്ന രീതിയാണുള്ളത്. ബുള്ളറ്റിനിലെ ചോദ്യങ്ങള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കില്ലെന്നും ചര്‍ച്ചയാക്കേണ്ടതില്ലെന്നുമാണ് പി.എസ്.സി അധികൃതരുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."