വിരല്‍ചൂണ്ടേണ്ടത് സ്വന്തം നെഞ്ചിനു നേരേയാണ്
കഴിഞ്ഞദിവസം ഒരു സുഹൃത്തിന്റെ വീട്ടിലിരുന്നു നാട്ടുവര്‍ത്തമാനം പറയുന്നതിനിടയില്‍ സംസാരവിഷയം മാലിന്യപ്പെരുപ്പത്തിലേയ്ക്കു വഴിമാറി. മാലിന്യമുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സുഹൃത്ത് വാചാലനായി:
''എന്തൊരു നിരുത്തരവാദിത്വമാണു ഗവണ്മെന്റ് കാണിക്കുന്നത്. മാലിന്യനിര്‍മാര്‍ജനപദ്ധതികളെക്കുറിച്ചു മന്ത്രിയും മേയറും കൗണ്‍സിലര്‍മാരുമെല്ലാം വാതോരാതെ പറയും. എന്നാല്‍, നാട്ടിലെ മാലിന്യം കൂടുകയല്ലാതെ കുറയുന്നുണ്ടോ. ഏതെങ്കിലുമൊരു വഴിയിലൂടെ മൂക്കുപൊത്താതെ നടക്കാനാകുമോ.''
ഞങ്ങളുടെ സംസാരത്തിനിടയില്‍ കൗതുകകരമായ ഒരു കാഴ്ച കണ്ടു. സുഹൃത്തിന്റെ ഭാര്യ അടുക്കളഭാഗത്തുകൂടെ കൈയിലൊരു പ്ലാസ്റ്റിക് സഞ്ചിയുമായി വീടിനുവശത്തെ മതിലിനടുത്തേയ്ക്കു നീങ്ങുന്നു. അപ്പുറത്ത് ആള്‍പ്പാര്‍പ്പില്ലാത്ത, കെട്ടിടങ്ങളില്ലാത്ത, കാടുപിടിച്ച പറമ്പാണ്. സുഹൃത്തിന്റെ ഭാര്യയുടെ കൈയിലെ പ്ലാസ്റ്റിക് സഞ്ചി അന്തരീക്ഷത്തിലൂടെ പറന്ന് ആ പറമ്പില്‍ ചെന്നുവീഴുന്നു.
എന്റെ നോട്ടം ആ രംഗത്തിലേയ്ക്കാണെന്നുകണ്ട സുഹൃത്ത് വല്ലാത്ത ചിരിയോടെ എന്നെ നോക്കി. ''നാട്ടുകാര്‍ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ പറയാന്‍ എളുപ്പമാണ്. രണ്ടുസെന്റും മൂന്നുസെന്റും ഭൂമിയില്‍ വീടുവച്ചു താമസിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകും.'' അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രവൃത്തിയെക്കുറിച്ച് എന്റെ ഭാഗത്തുനിന്നൊരു കുറ്റപ്പെടുത്തലുണ്ടായാല്‍ അതിനു മുന്‍കൂര്‍ ന്യായീകരമെന്നോണം അദ്ദേഹം പറഞ്ഞു, '' നിത്യവും വീട്ടിലുണ്ടാകുന്ന മാലിന്യങ്ങള്‍ അവര്‍ക്കു സ്വന്തംപറമ്പില്‍ സംസ്‌കരിക്കാനാകില്ലല്ലോ.'' ഇതാണു നമ്മുടെ നിലപാട്.
നമുക്ക് എന്തുമാകാം. നമ്മുടെ ചെയ്തികള്‍മൂലം സമൂഹത്തിനുണ്ടാകുന്ന ദുരിതങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കേണ്ട ബാധ്യത നാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ഇത് ഒരു വ്യക്തിയുടെയോ ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ സ്വഭാവമോ നയമോ രീതിയോ അല്ല. സ്വന്തംവീട്ടിലെ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി അയലത്തെ പറമ്പിലേയ്ക്കിടുന്ന വീട്ടമ്മയുടെ കഥപോലെയാണു കേരളീയന്റെ മനസ്സ്.
കേരളം നന്നാവാന്‍ എന്താണു പോംവഴിയെന്ന ചോദ്യത്തിനുള്ള സത്യസന്ധമായ ഉത്തരം തൊട്ടതിനുംപിടിച്ചതിനുമൊക്കെ അന്യന്റെ നേരേ വിരല്‍ചൂണ്ടുകയും ആത്മപരിശോധന നടത്താതിരിക്കുകയും ചെയ്യുന്ന പാരമ്പര്യസ്വഭാവം അവസാനിപ്പിക്കണമെന്നതാണ്. കോളജുകളുടെ ഗുണനിലവാരമുയര്‍ത്താന്‍ സ്വയംപര്യാപ്തതാ സമ്പ്രദായം (ഓട്ടോണമസ് സിസ്റ്റം) അത്യവശ്യമാണെന്നു വിശ്വസിക്കുന്ന കോളജ് അധ്യാപകനായ സുഹൃത്ത് കഴിഞ്ഞദിവസം വേദനയോടെ ഒരുകാര്യം പറഞ്ഞു:
''നമ്മുടെ വിദ്യാഭ്യാസം നന്നാവാന്‍ സമ്മതിക്കാത്ത വിഭാഗം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരില്‍ ഒരുവിഭാഗമാണ്. കലാലയങ്ങളില്‍ സമരം നിയന്ത്രിക്കണമെന്നും അധ്യാപകരുടെയും കുട്ടികളുടെയും ഗുണനിലവാരപരിശോധന നടത്തണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങളുയരുമ്പോള്‍ അവര്‍ അതിനെതിരേ സമരവുമായി രംഗത്തുവരും.
എന്നാല്‍, നിങ്ങള്‍ പരിശോധിച്ചുനോക്കൂ, ഈ പ്രതിഷേധക്കാരുടെ മക്കളെല്ലാം പഠിക്കുന്നത് ഒരുകാലത്തും സമരം നടക്കാത്ത, സമരം അനുവദിക്കാത്ത അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലാണെന്നു കാണാം. സര്‍ക്കാര്‍ ഖജനാവില്‍നിന്നു തങ്ങള്‍ക്കു കീശനിറയെ ശമ്പളം കിട്ടണം. അതിലൊരു ഭാഗമുപയോഗിച്ചു മക്കളെ അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയകോളജുകളില്‍ പഠിപ്പിക്കണം. തെങ്ങുകയറ്റക്കാരന്റെയും കൂലിപ്പണിക്കാരന്റെയും മറ്റും മക്കള്‍ ഇവിടത്തെ സര്‍ക്കാര്‍, എയിഡഡ് കോളജുകളില്‍ പഠിച്ചാലെന്ത്, സമരം ചെയ്താലെന്ത്, തോറ്റാലെന്ത്. ''
തങ്ങളുടെ പരിധിയില്‍ മാലിന്യനിര്‍മാര്‍ജനം ശാസ്ത്രീയമായും ഫലപ്രദമായും നടത്തിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു അയല്‍പ്പക്കവേദി ഭാരവാഹി പറഞ്ഞകാര്യം ഓര്‍മവരുന്നു. കേരളത്തിലെ ജനങ്ങള്‍ ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയാല്‍ അരമണിക്കൂര്‍കൊണ്ടു കേരളം മാലിന്യമുക്തമാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങളുടെ അയല്‍പ്പക്കവേദി പരിധിയില്‍ നടപ്പാക്കിയ രീതി അദ്ദേഹം ഇങ്ങനെ വിവരിച്ചു:
'മുന്നൂറു രൂപയോളം ചെലവില്‍ ഒരു ബയോബിന്‍ വാങ്ങിവച്ചാല്‍ വീട്ടിലെ ഭക്ഷ്യമാലിന്യങ്ങളെല്ലാം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ കഴിയും. ബാക്ടീരിയയും ചകിരിച്ചോറും ഉള്‍ച്ചേര്‍ന്ന മിശ്രിതമുപയോഗിച്ചാണ് ഇവിടെ മാലിന്യം വളമാക്കുന്നത്. ദുര്‍ഗന്ധവും പ്രാണിശല്യവുമില്ല. നിത്യേന പ്ലാസ്റ്റിക് കവറിലാക്കി അടുത്തപറമ്പിലോ വഴിയരികിലോ മാലിന്യം നിക്ഷേപിക്കുന്നതിന് ഇതുമൂലം ശാശ്വതപരിഹാരമാകും. നാട്ടിലെങ്ങുമുള്ള ചീഞ്ഞുനാറ്റത്തിനും ശാശ്വതപരിഹാരമാകും.
പ്ലാസ്റ്റിക് കവറും മറ്റും വൃത്തിയായി സൂക്ഷിച്ചാല്‍ അതു, ചെറിയതോതിലാണെങ്കിലും, വരുമാനമാര്‍ഗമാകും. ഉപയോഗശൂന്യമായ കമ്പ്യൂട്ടറിന്റെ ഭാഗങ്ങളും മൊബൈല്‍ ഫോണും ബാറ്ററിയും മറ്റുമാണ് ബാധ്യതയായും അപകടകാരിയുമായി മാറുന്നത്. ഇ മാലിന്യമുള്‍പ്പെടെയുള്ള ഇത്തരം മാലിന്യം അധികമുണ്ടാകില്ലല്ലോ. അവ ഫലപ്രദമായ കൈകാര്യം ചെയ്യേണ്ട ചുമതല ഭരണകൂടത്തിനേ കഴിയൂ. അതുവരെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചാല്‍ മതി. .'
ഈ രീതി എല്ലാ വീട്ടുകാരും ഒരേ സമയത്തു നടപ്പാക്കിയാല്‍ അരമണിക്കൂര്‍ കൊണ്ട് കേരളം മാലിന്യമുക്തമാകും. ഇതൊരു ശീലമാക്കിയാല്‍ കേരളത്തിന്റെ നാടും നഗരവും മൂക്കുപൊത്താതെ സഞ്ചരിക്കാന്‍ കഴിയുന്ന ഇടങ്ങളാകും. അങ്ങനെ വരുമ്പോള്‍ ഞെളിയന്‍പറമ്പും വിളപ്പില്‍ശാലയുംപോലുള്ള ദുര്‍ഗന്ധവാഹികളായ മാലിന്യസംസ്‌കരണകേന്ദ്രങ്ങള്‍ അപ്രസക്തമാകും. നാടു മാലിന്യമുക്തമാകുമ്പോള്‍ നാട്ടുകാര്‍ക്ക് ഒരുവിധപ്പെട്ട പകര്‍ച്ചവ്യാധികളെയൊന്നും ഭയക്കാതെ ജീവിക്കാനാകും.
ഉറവിടമാലിന്യസംസ്‌കരണമെന്നതു പുതിയ പദ്ധതിയൊന്നുമല്ല. ആശയം ഇവിടെ പണ്ടേയുണ്ട്. നടപ്പാക്കാനുള്ള മനസ്സാണ് ഇല്ലാത്തത്. മാലിന്യസംസ്‌കരണത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചു ശുചിത്വമിഷന്‍ എന്ന സംവിധാനം സര്‍ക്കാര്‍ നടത്തിക്കൊണ്ടുപോകുന്നുണ്ട്. പണം ചെലവഴിക്കലും ക്ലാസുകള്‍ നടത്തലും മുറപോലെ നടക്കുന്നു. ബോധവല്‍ക്കരണം മാത്രം ഉണ്ടാകുന്നില്ല.
വീട്ടിലൊരു പ്ലാന്റോ മണ്ണിരകമ്പോസ്റ്റോ ബയോബിന്നോ ഉണ്ടെങ്കില്‍ മാലിന്യത്തില്‍നിന്നു വീടിനെയും നാടിനെയും രക്ഷിക്കാന്‍ കഴിയും. അതിലൂടെ ലഭിക്കുന്ന വളമുപയോഗിച്ചു കൃഷി നടത്തി മരുന്നടിക്കാത്ത പച്ചക്കറിയുണ്ടാക്കാം. ബയോഗ്യാസ് പ്ലാന്റാണെങ്കില്‍ പാചകത്തിനും ഉപകാരപ്പെടും.
ഇതൊക്കെ നടപ്പാക്കേണ്ടതു സര്‍ക്കാരല്ല; നമ്മള്‍ തന്നെയാണ്. പക്ഷേ, ഒരു ശീലമെന്നോണം നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കും, 'എന്തൊരു നിരുത്തരവാദമാണ് ഗവണ്മെന്റ് കാണിക്കുന്നത്' എന്ന്!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."