അസിമാനന്ദയുടെ ജാമ്യത്തിനെതിരായ അപ്പീല്‍ തടഞ്ഞത് എന്‍.ഐ.എ ഉന്നതരെന്ന് വിവരം
ന്യൂഡല്‍ഹി: സംഘ്പരിവാര്‍ നേതാക്കള്‍ പ്രതികളായ മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി അസിമാനന്ദയുടെ ജാമ്യത്തിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം തടഞ്ഞത് ദേശീയ അന്വേഷണ ഏജന്‍സിയിലെ (എന്‍.ഐ.എ) മുതിര്‍ന്ന ഉദ്യോഗസ്ഥരെന്ന് വിവരം.
2007 മെയ് 18ന് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ ആര്‍.എസ്.എസ്് നടത്തിയ ബോംബ് സ്‌ഫോടനത്തിലെ മുഖ്യ പ്രതിയാണ് അസിമാനന്ദ.സംഭവത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ അസിമാനന്ദയ്ക്ക് ഹൈദരാബാദിലെ വിചാരണ കോടതി മാര്‍ച്ച് 23ന് ജാമ്യം നല്‍കിയിരുന്നു. വിചാരണക്കോടതിയുടെ ഈ ഉത്തരവിനെതിരേ എന്‍.ഐ.എ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്ന് ചന്‍ചല്‍ഗുഡ ജയിലിലായിരുന്ന അസിമാനന്ദ ഏപ്രില്‍ ഒന്നിന് ജയില്‍ മോചിതനാവുകയും ചെയ്തു. സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, അജ്മീര്‍ ദര്‍ഗ സ്‌ഫോടനം അടക്കം രാജ്യത്ത് നടന്ന നിരവധി പ്രമാദമായ സ്‌ഫോടനക്കേസുകളില്‍ മുഖ്യ പ്രതിയായ അസിമാനന്ദയുടെ ജാമ്യത്തിനെതിരേ എന്‍.ഐ.എ അപ്പീല്‍ നല്‍കാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
എന്നാല്‍, എന്‍.ഐ.എയുടെ ഹൈദരാബാദ് ഓഫിസ് അസിമാനന്ദക്ക് ജാമ്യം നല്‍കിയതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നും അതിനെ എതിര്‍ത്തത് ഡല്‍ഹിയിലെ എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്നുമാണ് ഹൈദരാബാദിലെ മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. ജാമ്യത്തിനെതിരേ അപ്പീല്‍ നല്‍കേണ്ടെന്ന് നിര്‍ദേശം നല്‍കിയത് ഡല്‍ഹിയിലെ എന്‍.ഐ.എയുടെ കേന്ദ്ര കാര്യാലയത്തില്‍ നിന്നാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ നിന്ന് അനുമതിയും നിയമോപദേശവും തേടേണ്ടതുണ്ടായിരുന്നു. ഇതിന് ശ്രമം തുടങ്ങിയപ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് വിലക്കുണ്ടായതെന്നും ഹൈദരാബാദിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അസിമാനന്ദയുടെ ജാമ്യ ഉത്തരവിനെ ചോദ്യംചെയ്ത് അപ്പീല്‍ നല്‍കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജാമ്യത്തിനെതിരേ അപ്പീല്‍ നല്‍കണമെന്ന അഭിപ്രായം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അസിമാനന്ദ പുറത്തിറങ്ങിയാല്‍ കേസ് ദുര്‍ബലമാകുമെന്ന് വ്യക്തമാക്കിയായിരുന്നു അപ്പീലിന് ശ്രമിച്ചിരുന്നത്.
കോടതിയുടെ അനുമതി കൂടാതെ ഹൈദരാബാദ് വിട്ടുപോകരുതെന്ന ഉപാധിയോടും ഒരു ലക്ഷം രൂപയുടെ ജാമ്യത്തിലുമാണ് പ്രതിക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ ഹിന്ദുവര്‍ഗീയവാദികള്‍ പ്രതികളായ പല സ്‌ഫോടനക്കേസുകളിലും സര്‍ക്കാരും അന്വേഷണ ഏജന്‍സികളും മൃദു സമീപനമാണ് സ്വീകരിക്കുന്നത്.
ഇതാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലും ഉണ്ടായത്. പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് എന്‍.ഐ.എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുഹാസ് വാര്‍കെ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാല്യാന്‍ വ്യക്തമാക്കിയതിനെ സാധൂകരിക്കുന്നതാണ് എന്‍.ഐ.എയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."