വൈദ്യുതി മുടക്കം പതിവാകുന്നു; ജനങ്ങള്‍ ദുരിതത്തില്‍
കഞ്ചിക്കോട്: വേനല്‍ കനത്തതോടെ വൈദ്യുതി മുടക്കം പതിവാസുന്നത് വീട്ടമ്മമാരെ ദുരിതത്തിലാക്കുന്നു. വേനല്‍ കനത്തു തുടങ്ങിയതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ഥാപനങ്ങളെല്ലാം എയര്‍കണ്ടീഷന്‍ ചെയ്തതിനാല്‍ വൈദ്യുതി ഉപയോഗവും കൂടുതലാണ്. അടിക്കടിഉണ്ടാകുന്ന കറന്റ് പോക്കുമൂലം വ്യാപാരികളും ദുരിതത്തിലാവുകയാണ്. മെഡിക്കല്‍ ഷോപ്പുകളില്‍ ചില മരുന്നുകള്‍ ഫ്രീസറില്‍ സൂക്ഷിക്കണമെന്നിരിക്കെ ഇത്തരത്തില്‍ വൈദ്യുതി മുടക്കം മരുന്നുകള്‍ നാശമാവാനും കാരണമാകുന്നു. ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവരും വൈദ്യുതി മുടക്കം കാരണം വലയുന്ന സ്ഥിതിയാണ്.
വേനല്‍ കാലമായതോടെ വെള്ളം, ശീതളപാനീയ വിപണി വര്‍ദ്ധിച്ച സാഹചര്യത്തില്‍ വൈദ്യുതി മുടക്കം മൂലം ഇവ തണുത്തുകിട്ടാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിനു പുറമെ ദീര്‍ഘകാല കറന്റു പോകുമെന്നതിനാല്‍ ഐസ്‌ക്രിം പോലുള്ളവ വെള്ളമാവുന്ന സ്ഥിതിയാണ്. പകല്‍ സമയത്ത് കറന്റ് പോകുന്നത് വീടുകളില്‍ ഇലക് ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
രാത്രികാലങ്ങളില്‍ തുടരെ തുടരെ ഉണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം അസഹ്യമായ ചൂടിനാല്‍ കുട്ടികളടക്കമുള്ളവര്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇനിയും വേനല്‍ കനക്കുന്ന സാഹചര്യത്തിന്‍ വൈദ്യുതി ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് പറയുന്നത്. കഞ്ചിക്കോട് മേഖലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ പൊട്ടിത്തെറിച്ച് വൈദ്യുതി മുടക്കമുണ്ടായിരുന്നു.
തൊഴില്‍ സ്ഥാപനത്തിലെ അനാവശ്യ വൈദ്യുതി ഉപയോഗവും രാത്രികാലങ്ങളില്‍ സ്ഥാപനങ്ങളിലെ അലങ്കാരവിളക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതു മൂലമുള്ള വൈദ്യുതി നഷ്ടവും കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മിക്ക സ്ഥാപനങ്ങളിലും വീടുകളിലും ഇന്‍വര്‍ട്ടര്‍ പോലുള്ള ബദല്‍ സംവിധാനങ്ങളുണ്ടെങ്കിലും ദീര്‍ഘനേരത്തെ ഉപയോഗത്തിനോ ഹൈമോട്ടോറുപോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ സാധ്യമല്ല. പൊതു ജനങ്ങള്‍ വൈദ്യുതി ഉപയോഗങ്ങള്‍ നിയന്ത്രണം പാലിക്കുന്നതു വഴി ഒരു പരിധിവരെ വൈദ്യുതി മുടക്കം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."