'ജിഷ്ണു പ്രശ്നത്തെത്തുടര്‍ന്ന് ഡി.ജി.പിയെ മാറ്റിയോ?'- സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിം കോടതി. ജിഷ കേസില്‍ ഡി.ജി.പി സ്ഥാനത്തു നിന്ന് സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ജിഷ്ണു പ്രശ്നത്തില്‍ ഡി.ജി.പിയെ മാറ്റിയോ എന്നാണ് കോടതി ചോദിച്ചത്.
സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തുനിന്നും ഡി.ജി.പി സെന്‍കുമാറിനെ നീക്കിയ കേസില്‍ വാദം നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി ഇന്നു രാവിലെ തളളി. തുടര്‍ന്ന് നടന്ന വാദം കേള്‍ക്കലിനിടെയാണ് കോടതി സര്‍ക്കാറിനെതിരെ പരിഹാസ ശരമഴിച്ചു വിട്ടത്.
ജിഷ വധക്കേസ്, പുറ്റിങ്ങല്‍ അപകടം തുടങ്ങിയ കേസുകളിലെ വീഴ്ചയെ തുടര്‍ന്നാണ് പൊലിസ് മേധാവിയായിരുന്ന സെന്‍കുമാറിനെ മാറ്റിയതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാരിനായി ഈ കേസില്‍ ഹാജരായത് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ്. എന്നാല്‍ ഇന്ന് ഹരീഷ് സാല്‍വെ സര്‍ക്കാരിനായി ഹാജരാകാന്‍ എത്തിയിരുന്നില്ല. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മീഷന് നടപടികളുടെ സ്ഥിതി, സി.ബി.സി.ഐ.ഡി അന്വേഷണ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി എന്നിവയാണ് സത്യവാങ്മൂലമായി നല്കാന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെയാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്നു മാറ്റിയത്. ഇതേത്തുടര്‍ന്ന് സെന്‍കുമാര്‍ അവധിയില്‍ പോവുകയും സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നു. പൊലിസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഇടതു സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിം കോടതിയയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."