HOME
DETAILS

വല

  
backup
July 10 2016 | 04:07 AM

%e0%b4%b5%e0%b4%b2

അശ്വതി. ഇരുപത്തിമൂന്ന് വയസ്. അവിവാഹിത. ഒരു വ്യാപാര സ്ഥാപനത്തില്‍ അക്കൗണ്ടന്റ്. താങ്കളുമായി സൗഹൃദത്തിലുപരിയായുള്ള ആത്മബന്ധം ആഗ്രഹിക്കുന്നു. ഈ നമ്പറില്‍ വിളിക്കുക....

പഴയ നോക്കിയാ ഫോണില്‍ വന്ന അനേകം സന്ദേശങ്ങള്‍ക്കിടയിലെ ഇത്തരമൊരു സന്ദേശം കൊച്ചുമകന്റെ സഹായത്തോടെ രഹസ്യമായി വായിച്ചു മനസിലാക്കിയതും ഭാര്യ മരണപ്പെട്ട് വിഭാര്യനായി കഴിയുന്ന പുഷ്‌കരന് നെഞ്ചിനകത്ത് എന്തൊക്കെയോ ചില വെള്ളച്ചാട്ടങ്ങളുണ്ടായി.
''അച്ചാച്ചാ ഇതൊക്കെ ഓരോ തട്ടിപ്പ് പരിപാടികളാ...നമ്മുടെ പണം പിടുങ്ങാനുള്ള മൊബൈല്‍ കമ്പനിക്കാരുടെ തരികിട തക്കിട...'' പുതിയ ലോകത്തെ വല്ലാതെ വായിക്കുന്ന പത്താം ക്ലാസുകാരന്റെ വിജ്ഞാന വിളംബരം.
''ഓരോ പറ്റിക്കല്‍ പരിപാടി തന്നെ.'' പുഷ്‌കരനും അറിവ് വിളമ്പി.
പക്ഷേ പുഷ്‌കരന്റെ നെഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ അവസാനിക്കാതെ രാത്രിയോടെ അത് പുതിയ പ്രകമ്പനങ്ങളായിത്തുടങ്ങിയിരുന്നു. നിയന്ത്രണങ്ങളൊക്കെ നഷ്ടപ്പെടുന്നതുപോലെ. അധികമങ്ങനെ പിടിച്ചുനില്‍ക്കാനായില്ല പുഷ്‌കരന്. ഒരു പാതിരാപാട്ടിന്റെ ഭ്രമാത്മകമായ അകമ്പടിയോടെ അശ്വതിയുടെ നമ്പറിലേക്ക് വൈകാതെ അയാള്‍ ചാഞ്ചാടി വീണു.
''ഹലോ, അശ്വതി?''
''അതേ! ആരാ?''
''ഞാന്‍ പുഷ്‌കരന്‍. അശ്വതി രാവിലെ സന്ദേശമയച്ചില്ലേ?''
പുഷ്‌കരന്‍ ആവതും പരിഷ്‌കാര വടിവുള്ള ഭാഷയില്‍ പതുക്കെ സംസാരിച്ചു.
''ഹാ...ന്റെ പുഷ്‌പേട്ടന്‍!'' അശ്വതി അതിശയത്തിന്റെ പുഴയായി.
പുഷ്‌കരനാകെ കോരിത്തരിക്കും കരയായി. പിന്നെ രാത്രി പകലാക്കി അവരുടെ സംസാരം ദീര്‍ഘിച്ചു. ആദ്യത്തെ ജാള്യത കളഞ്ഞ് സ്‌നാനപ്പെട്ട് അനന്തരം അയാളും ഒഴുകി. സ്പര്‍ശിക്കാത്ത കരയില്ല കടലില്ല എന്ന രീതിയിലുള്ള സംസാരപ്രവാഹം. അടിമുടി പൂത്ത ഒരു ഒറ്റമരമായി പുഷ്‌കരന്‍. അശ്വതിയാണെങ്കില്‍ അയാളെ ആവോളം മദിപ്പിച്ചു.
''നാളേം ന്റെ പുഷ്‌പേട്ടന്‍ വിളിക്കണേ...'' ഒടുവില്‍ ഫോണ്‍ വയ്ക്കുമ്പോള്‍ അവള്‍ പറഞ്ഞു.
അയാളുടെ രാത്രികള്‍ പിന്നെ അതീവ രഹസ്യങ്ങളുടെ മേഘകാന്താരങ്ങളായി. വീടുറങ്ങിക്കഴിയുന്നതും പുഷ്‌കരന്‍ അശ്വതിയിലേക്ക് ഉണരും. അവള്‍ അയാളുടെ രാത്രികളെ രാഗാര്‍ദ്രമാക്കും. രതിയുടെ ഗന്ധമാദനങ്ങളില്‍ പുഷ്‌കരനെയും കൊണ്ട് അശ്വതി ആദിയാത്രികയെപോലെ ഉല്ലസിക്കും.
''ഉയ്യെന്റമ്മേ, ഈ അച്ചാച്ചനിതെന്തൊര് മാറ്റം..! മുടിയൊക്കെ കളറടിച്ച് ആളൊരു യുവകോമളനായി...'' ഒരു ദിവസം കൊച്ചുമകന്‍ കളിയാക്കി.
''ഇഞ്ഞി മിണ്ടല്ല. ഇന്റമ്മ കേട്ടാ പിന്നെ ഓള്‍ക്ക് അത് മതി കോമരം തുള്ളാന്‍...''
അയാള്‍ അത്രയും പറഞ്ഞ് അവന്റെ മുന്‍പില്‍ നിന്നും വഴുതിമാറി.
''അശ്വതീ, ഒരിക്കലും നേര്‍ക്കു നേരെ കാണാത്ത അശ്വതിയെ ഒന്ന് കാണാനെന്താ വഴി?'' അയാള്‍ ഒരു ദിവസം ദീര്‍ഘഭാഷണങ്ങള്‍ക്കിടെ സ്വയം നിയന്ത്രിക്കാനാവാതെ ഒന്ന് തുളുമ്പി.
''പുഷ്‌പേട്ടന്റെ വാട്‌സ്ആപ്പിലേക്ക് സെല്‍ഫിക്കുഞ്ഞായി പിറന്നപടി ഞാന്‍ വരാലൊ...'' അവള്‍ ഉദാരയായി.
''അയ്യോ, അതൊന്നും വേണ്ട. നമ്മുടെ ആദ്യ കാഴ്ച അങ്ങനെയൊന്നും ആയിരിക്കരുത്.'' വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഇത്യാദികളെയൊന്നും മനസിലാവാതെ, എന്നാല്‍ ഒരുവിധം എല്ലാം അറിയുന്ന ആളായി പുഷ്‌കരന്‍ പറഞ്ഞു.
''പുഷ്‌പേട്ടന്റെ വ്യക്തിത്വത്തെ ഞാന്‍ മാനിക്കുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി എന്നാ നീ ഉടുപ്പില്ലാതെ വാട്‌സ്ആപ്പിലേക്കോ ഫേസ്ബുക്കിലേക്കോ പറന്ന് വാ എന്ന് പറഞ്ഞില്ലല്ലോ.
ഇക്കാലത്ത് ഒരു സൈബര്‍ കാമുകനും ഇങ്ങനെയൊന്നും പറയില്ല. നിങ്ങള്‍ ആളാകെ വ്യത്യസ്തന്‍. എനിക്ക് സ്‌നേഹവും ആദരവും തോന്നുന്നു ഏട്ടനോട്. എത്ര വയസായി എന്റെ ഏട്ടന്?''
''ഇരുപത്തി ആറ്.'' പൊടുന്നനെ അറുപത്തി രണ്ടിനെ തിരിച്ചിട്ട് ഒരു ട്രപ്പീസ് കളിക്കാരനെ പോലെ പുഷ്‌കരന്‍ തലകുത്തിമറിഞ്ഞു. അയ്യേ, അതൊന്നും വേണ്ടിയിരുന്നില്ല എന്ന് പിന്നെ ഖേദംകൊണ്ടു. തിരുത്താന്‍ ഒരുങ്ങുമ്പോഴേക്കും പക്ഷേ അശ്വതി പറഞ്ഞു:
''എനിക്ക് ഇരുപത്തി മൂന്ന്. പുഷ്‌പേട്ടന് ഇരുപത്തി ആറ്! അത്ഭുതം. ഇങ്ങനെ വിളിക്കാനും സംസാരിക്കാനും ഇനി വൈകാതെ പരസ്പരം കാണാനും ചരടുവലിച്ചത് ദൈവം തന്നെ. പ്രൈസ് ദി ലോഡ്...'' അവള്‍ അടക്കിപ്പിടിച്ച് ചിരിച്ചു.
അയാള്‍ അടുത്ത ഡയലോഗ് കിട്ടാതെ ഉഴറി. എന്നാല്‍ ഒടുവില്‍ തപ്പിപ്പിടഞ്ഞ് പറഞ്ഞു:
''എനിക്കെന്തായാലും ഒന്ന് കാണണം. ഇനിയും ഇങ്ങനെയൊക്കെ പറഞ്ഞ് ദിവസങ്ങള്‍ കളയാതെ നമുക്കൊന്ന് ഒത്തുകൂടണം. എന്നിട്ട് എങ്ങോട്ടെങ്കിലും ഒരു യാത്ര...'' സംസാരിച്ച് അവസാന ഭാഗത്തെത്തുമ്പോഴേക്കും പുഷ്‌കരന്‍ ശരിക്കും വിറച്ചുതുടങ്ങിയിരുന്നു. ദൈവമേ അവളെങ്ങാന്‍ തെറ്റിദ്ധരിക്കുമോ?
''നിങ്ങളുടെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോടല്ലെ. ദാ, അടുത്ത ശനിയാഴ്ച രാവിലെ ഞാനവിടെ തീര്‍ച്ചയായും വരാം. നിങ്ങളും വാ...അവിടുന്ന് തീരുമാനിക്കാലോ ഔട്ടിങ്ങിന് എവിടെ പോകണമെന്ന്. ന്താ അതു പോരേ ന്റെ പുഷ്‌പേട്ടാ..?''
''പിന്നല്ലാതെ...'' പുഷ്‌കരന്‍ വിറയോടെ പറഞ്ഞു. അപ്പോഴേക്കും അയാള്‍ അടിമുടി പൂത്തുലഞ്ഞിരുന്നു.
ഫോണ്‍ വച്ചതും മകളോ ചെറുമകനോ അറിയാതെ അടുത്ത ശനിയാഴ്ച എങ്ങനെ വീട്ടില്‍ നിന്നും ഒളിച്ചോടും, അത് ഏത് വേഷത്തിലായിരിക്കണം എന്നൊക്കെ കാടുകേറി, മലകേറി ആലോചിച്ചു തുടങ്ങുകയായി പുഷ്‌കരന്‍.
പക്ഷേ ആ വിചാരങ്ങളങ്ങനെ തലക്ക് പിടിച്ച് ശനിയാഴ്ച പുലര്‍കാലമാകുമ്പോഴേക്കും രക്തസമ്മര്‍ദം കേറി ഉടലാകെ തളര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് സൈറണ്‍ മുഴക്കി പായുന്ന ഒരു ആംബുലന്‍സിലെ യാത്രക്കാരനായി ഇരുപത്തിയാറ് വയസുകാരനായ പുഷ്‌കരന്‍ മാറിക്കഴിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago