വിജ്ഞാപനമായില്ല; പട്ടയ നടപടികള്‍ തുലാസില്‍
കട്ടപ്പന: ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ കാലതാമസമെടുക്കുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക. ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലടക്കം വരുമാനപരിധിയുടെ അടിസ്ഥാനത്തില്‍ പട്ടയം ലഭിക്കാത്തവര്‍ക്കു പട്ടയം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ചു സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങാത്തതിനാല്‍ പട്ടയനടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.
ഏപ്രില്‍ 30നു മുന്‍പു പതിനായിരത്തോളം പേര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്ന മന്ത്രിസഭാ തീരുമാനം അറിഞ്ഞെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനമിറങ്ങാത്തതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
രാജാക്കാട് ഭൂമിപതിവ് ഓഫിസില്‍ മുന്നൂറും മുരിക്കാശേരി, നെടുങ്കണ്ടം എല്‍എ (ഭൂപതിവ്) ഓഫിസുകളില്‍ നൂറിലധികവും പട്ടയ അപേക്ഷകളാണു വരുമാന പരിധി ഒരു ലക്ഷം കടന്നതിന്റെ പേരില്‍ മാറ്റിവച്ചിരുന്നത്.
കച്ചവടസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമിക്കും പട്ടയം ലഭിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെട്ട വൈദ്യുത പദ്ധതി പ്രദേശങ്ങളിലെ പട്ടയമില്ലാത്ത കര്‍ഷകരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയം നല്‍കാനാരംഭിച്ചത് 2011 മുതലാണ്. ഇതിനുവേണ്ടി രാജാക്കാട്, മുരിക്കാശേരി, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ 2005ല്‍ ഭൂമിപതിവ് ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
സ്‌പെഷല്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം ജീവനക്കാരാണ് ഓരോ ഓഫിസിലും ജോലി ചെയ്യുന്നത്.
1993ലെ നിയമപ്രകാരമുള്ള പട്ടയവിതരണത്തില്‍ പ്രതിസന്ധികളോ തടസങ്ങളോ ഇല്ലെങ്കിലും ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലെ പട്ടയവിതരണം സര്‍ക്കാര്‍ നയങ്ങളുടെ കാലതാമസം മൂലം ഏറെ വൈകി.
93 റൂള്‍ പ്രകാരം ചിന്നക്കനാല്‍ വില്ലേജിലെ 6722 പട്ടയ അപേക്ഷകള്‍ മരവിപ്പിച്ചിരിക്കുകയാണ്. വ്യാജപട്ടയ വിവാദത്തെ തുടര്‍ന്നാണ് ചിന്നക്കനാലില്‍ മാത്രം പട്ടയ വിതരണം തടസപ്പെട്ടിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ പട്ടയവിതരണത്തിനുള്ള സര്‍വേ നടപടികള്‍ മിക്ക വില്ലേജുകളിലും തുടരുകയാണ്.
രാജാക്കാട് എല്‍.എ ഓഫിസിനു കീഴില്‍ രാജാക്കാട്, ബൈസണ്‍വാലി വില്ലേജുകളിലായി രണ്ടായിരത്തോളം പട്ടയങ്ങളാണ് ഇതുവരെ നല്‍കിയത്. 554. 5147 ഹെക്ടര്‍ ഭൂമിക്കാണ് പട്ടയം ലഭിച്ചത്. കാന്തിപ്പാറ വില്ലേജിലെ ഉപേക്ഷിക്കപ്പെട്ട പെരിഞ്ചാംകുട്ടി പദ്ധതിപ്രദേശത്തെ കര്‍ഷകരുടെ 800ല്‍ അധികം പട്ടയ അപേക്ഷകള്‍ ഭൂമിപതിവ് ഓഫിസില്‍ ലഭിച്ചിരുന്നു.
ഇത് തുടര്‍നടപടികള്‍ക്കായി സര്‍വേ സുപ്രണ്ടിന്റെ ഓഫിസിലേക്കു കൈമാറിയെങ്കിലും സര്‍വേ നടപടികള്‍ക്ക് ഒച്ചിന്റെ വേഗമാണ്. മുരിക്കാശേരി എല്‍.എ ഓഫിസിനു കീഴില്‍ 2165 പട്ടയ അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
ഇതില്‍ വാത്തിക്കുടി വില്ലേജില്‍ ഉള്‍പ്പെടുന്ന 1125 പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. കൊന്നത്തടി വില്ലേജില്‍ അപേക്ഷകളിലുള്ള സര്‍വേ നടപടികള്‍ തുടരുന്നു. നെടുങ്കണ്ടം എല്‍.എ ഓഫിസിനു കീഴിലുള്ള കല്‍ക്കൂന്തല്‍, ഉടുമ്പന്‍ചോല വില്ലേജുകളിലും സര്‍വേ നടപടികള്‍ നടന്നുവരികയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2015 ഫെബ്രുവരി രണ്ടിന് രാജാക്കാട്ടും, ഓഗസ്റ്റ് 25നും 2016 ഫെബ്രുവരി 29നും ഇടുക്കിയിലും നടത്തിയ പട്ടയമേളകളിലാണ് ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു പട്ടയം വിതരണം ചെയ്തത്.
എന്നാല്‍ ഈ പട്ടയങ്ങള്‍ 16 ഉപാധികളോടു കൂടിയുള്ളതാണെന്നതിനാല്‍ കര്‍ഷകര്‍ക്കു പ്രയോജനമില്ല. ഉപാധിരഹിത പട്ടയം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തുവെങ്കിലും വിജ്ഞാപനമിറക്കാത്തത് നിയമതടസങ്ങള്‍ മൂലമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും താലൂക്ക് തലത്തിലുള്ള ലാന്‍ഡ് അസൈന്‍മെന്റ് (ഭൂപതിവ്) കമ്മിറ്റികള്‍ രൂപീകരിക്കാത്തതും പട്ടയനടപടികള്‍ അനന്തമായി നീളാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."