മലബാറിലെ ആദ്യ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാകുന്നു
തളിപ്പറമ്പ് : മലബാര്‍ മേഖലയില്‍ ആദ്യത്തെ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രിക്കു വേണ്ടി പരിയാരത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ഗര്‍ഭധാരണം മുതല്‍ പ്രസവാനന്തര മാതൃ ശിശു പരിചരണം വരെ നല്‍കുന്ന മലബാര്‍ മേഖലയിലെ ആദ്യത്തെ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രിയാണ് പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് പൂര്‍ത്തിയാകുന്നത്.
നാലു നിലകളിലായി 14.65 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ മിനുക്കുപണികള്‍ അവസാനഘട്ടത്തിലാണ്. ഒന്നാം നിലയുടെ മുഴുവന്‍ പണികളും പൂര്‍ത്തിയായി കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 25 വീതം കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്.
മേജര്‍ സര്‍ജറി തിയേറ്റര്‍, ലേബര്‍ റൂം, പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ് എന്നിവയില്‍ ഉപകരണങ്ങളുടെ ഇന്‍സ്റ്റാലേഷന്‍ പ്രവര്‍ത്തികള്‍ക്ക് 3.5 കോടിയുടെ എസ്റ്റിമേറ്റ് ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡ് കമ്പനി തയ്യാറാക്കി സമര്‍പ്പിച്ചു കഴിഞ്ഞു.
ആശുപത്രിക്കു മാത്രമായി 37 ഓളം പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്. പ്രസവ- പ്രസവാനന്തര ചികിത്സാരംഗത്ത് ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും മാതൃജന്‍ പദ്ധതി നടപ്പിലാക്കി വരുന്നതായും പൊതുതെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം അവസാനിച്ച് ജൂണ്‍ മാസം അവസാനത്തോടെ ആശുപത്രിയുടെ ഉദ്ഘാടനം നടത്താനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായും പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ കെ.എന്‍ അജിത്ത് കുമാര്‍, അസി. അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ കെ. ലോഹിതാക്ഷന്‍ എന്നിവര്‍ പറഞ്ഞു.
ടി.വി രാജേഷ് എം.എല്‍.എയുടെ ശ്രമഫലമായാണ് മലബാര്‍ മേഖലയില്‍ ആദ്യത്തെ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാകുന്നത്. എം.എല്‍.എയും സംഘവും കഴിഞ്ഞ ദിവസം പരിയാരം സന്ദര്‍ശിച്ച് ആശുപത്രിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."