വെനസ്വലയില്‍ നിരവധി പേരെ സൈന്യം കൊന്നൊടുക്കിയെന്ന് യു.എന്‍
കാരക്കസ്: വെനസ്വലയില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള നടപടിയെന്ന പേരില്‍ നൂറുകണക്കിനാളുകളെ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയെന്ന് ഐക്യരാഷ്ട്രസഭ. 2015-2017 കാലയളവില്‍ നിരവധി യുവാക്കളെ കൊലപ്പെടുത്തിയെന്ന് യു.എന്‍ മനുഷ്യാവകാശ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിയമാനുസൃതമായ രീതിയില്‍ ആരെയും പിടികൂടുകയോ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മനുഷ്യാവകാശ സംഘത്തലവന്‍ സയിദ് റാഇദ് അല്‍ ഹുസൈന്‍ പറഞ്ഞു.
വെനസ്വലയില്‍ നടക്കുന്ന കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. ആയിരക്കണക്കിന് ജനങ്ങള്‍ വെനസ്വലയില്‍ നിന്ന് പലായനം ചെയ്തു. സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉചിതമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചവരെ അനധികൃതമായി കൊലപ്പെടുത്തിയെന്നും ഓപ്പറേഷന് നിയോഗിച്ച ഓഫീസര്‍മാര്‍ തന്നെ കൊലപാതകത്തിന് നേതൃത്വം നല്‍കിയെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെനസ്വലയില്‍ പ്രവേശിക്കാന്‍ യു.എന്‍ അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇരകളായവരുടെ കുടുംബങ്ങളുമായും സാക്ഷികളുമായും നടത്തിയ അഭിമുഖങ്ങളിലൂടെയാണ് യു.എന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയില്‍ ഓഫീസര്‍മാര്‍ തന്നെ 500ലധികംപേരെ കൊലപ്പെടുത്തി. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയെന്ന പേരിലായിരുന്നു ഈ കൊലപാതകങ്ങള്‍. ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ വ്യാജ തെളിവുകളുണ്ടാക്കി.
വെനസ്വലയില്‍ നിലവില്‍ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്ത് ഭക്ഷണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ദുര്‍ലഭമാണ്. സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ നിരവധി പേരെ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
മെയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നിക്കളാസ് മഡ്യൂറോയെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.
വെനസ്വല ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഉചിതമായ നടപടിയെടുക്കുന്നില്ലെന്നും അമേരിക്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ തെറ്റായ ആരോപണമാണ് യു.എന്‍ ഉന്നയിക്കുന്നതെന്നാണ് വെനസ്വലയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."