നാളെ മുതല്‍ സഊദി നിരത്തുകളില്‍ വനിതകളും വളയം പിടിക്കും
റിയാദ്: സഊദി ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് വനിതകളും ഇനി ഡ്രൈവര്‍മാരാകും. ഏറെ കാലമായി കാത്തിരിക്കുന്ന മുഹൂര്‍ത്തം ഞായറാഴ്ചയാണ് പുലരുന്നത്. സ്ത്രീകള്‍ വളയം പിടിച്ച് നിരത്തിലിറങ്ങുമ്പോള്‍ എല്ലാവിധ സജ്ജീകരണങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
സ്വദേശികളും വിദേശികളുമായ 54,000 ലധികം സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കി ഈ ദിനത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധിച്ച രാജ വിജ്ഞാപനം പുറത്തുവന്നത്.
ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി മൂന്നു മാസത്തിനുള്ളില്‍ തന്നെ ഉത്തരവിടുകയും ചെയ്തു.
ഞായറാഴ്ച വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ രാജ്യത്തെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമായി കഴിഞ്ഞു.
ട്രാഫിക് വിഭാഗം ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പ്രധാന നിരത്തുകളിലെല്ലാം വനിതാ ഡ്രൈവര്‍മാരെ കൂടി അഭിസംബോധന ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
അതേസമയം, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയരക്ടറേറ്റ് ആവര്‍ത്തിച്ചു വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് എതിരേ ട്രാഫിക് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. ഈ പശ്ചാത്തലത്തില്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം പൂര്‍ത്തിയാക്കി 40 വനിതകള്‍ ഉള്‍പ്പെടുന്ന പ്രഥമ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."