സര്‍ക്കാര്‍ ഏജന്‍സികള്‍ നിഷ്‌ക്രിയരായി; മരം വീണാല്‍ ഉത്തരവാദി ഉദേ്യാഗസ്ഥരെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോട്ടയം: ചങ്ങനാശേരി-കുമളി റോഡില്‍ ഒമേഗ റബര്‍ പ്രോഡക്‌സിന് മുകളിലേക്ക് ഏതു നിമിഷവും നിലംപതിക്കാവുന്ന വിധത്തില്‍ നില്‍ക്കുന്ന വടവൃക്ഷം കാരണം ആരുടെയെങ്കിലും ജീവനോ സ്വത്തിനോ നാശനഷ്ടമുണ്ടായാല്‍ അതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
വൃക്ഷം മുറിച്ചുമാറ്റാന്‍ തയാറാകാത്ത കോട്ടയം സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് മാര്‍ച്ച് 14ന് രാവിലെ പത്തരക്ക് കോട്ടയം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുമായി ഹാജരാകണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.
പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ (ചങ്ങനാശേരി) സിറ്റിങില്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതോടൊപ്പം അപകട ഭീഷണിയില്ലാതെ ജീവിക്കാന്‍ അവസരം ഒരുക്കേണ്ടത് അധികാരികളുടെ ബാധ്യതയാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വൃക്ഷം അപകടാവസ്ഥയിലാണെന്ന് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും കോട്ടയം സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍ ഇത് ലാഘവത്തോടെയാണ് കണ്ടതെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി. 2014 ജൂണ്‍ 10 മുതല്‍ വൃക്ഷം മുറിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കി വരുന്നുണ്ട്. ഫലം കാണാത്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
കമ്മിഷന്‍ കോട്ടയം ആര്‍.ഡി.ഒ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരന്നു. മരം അപകടാവസ്ഥയിലാണെന്ന ചെത്തിപ്പുഴ വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രീ കമ്മിറ്റി വിളിച്ചുകൂട്ടി നിയമാനുസൃതം മുറിച്ചുമാറ്റാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് 2018 ഒക്‌ടോബര്‍ എട്ടിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ആര്‍.ഡി.ഒ കമ്മീഷനെ അറിയിച്ചു.
എന്നാല്‍, പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ മരം മുറിക്കാന്‍ സോഷ്യല്‍ ഫോറസ്റ്ററിക്ക് മൂന്ന് തവണ കത്ത് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പറയുന്നു. നാലാമതും ഒരു കത്ത് അയച്ചിട്ടുണ്ട്.
കത്തുകളുടെ പകര്‍പ്പും പൊതുമരാമത്ത് വകുപ്പ് കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഏജന്‍സി മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്ക് കത്തയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമറിയിക്കാത്തത് അത്യന്തം ഗൗരവമേറിയ കാര്യമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."