നഗരത്തില്‍ ടൂറിസം ബോട്ട് സര്‍വിസിന് തുടക്കം
ചങ്ങനാശേരി: സി.എഫ് തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ടൂറിസം ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം സി.എഫ് തോമസ് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ അധ്യക്ഷനായി.
നവീകരണ ജോലികളുടെ ഭാഗമായി ബോട്ട് ജെട്ടിയുടെ പരിസരത്തെ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കരിങ്കല്‍ പാളി പതിപ്പിച്ചു പഴയ ഗ്രില്ല് മാറ്റി കാസ്റ്റ് അയണ്‍ ഗ്രില്ല് സ്ഥാപിക്കുകയും കനാലിന്റെ ഇരുവശങ്ങളിലും വിളക്കുമരങ്ങള്‍ സ്ഥാപിച്ച് കനാലിന്റെ വശത്തെ വഴികള്‍ കോണ്‍ക്രീറ്റ് ചെയ്തു മനോഹരമാക്കിയാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ടൂറിസം ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തത്.
ആദ്യ വിനോദ സഞ്ചാര ബോട്ട് സര്‍വിസിന് നടന്‍ ജയറാം ഫ്‌ളാഗ് ഓഫ് ചെയ്തു. ദി ട്രാവന്‍കൂര്‍ എസ്.എച്ച് ജിയിലെ സംഘാംഗങ്ങളാണ് ബോട്ടില്‍ ആദ്യ യാത്ര നടത്തിയത്. ആലപ്പുഴ തോട്ടില്‍ തുരുത്തേല്‍ ജങ്ഷന്‍ വരെയുള്ള റോഡിന്റെ നവീകരണവും സൗന്ദര്യവല്‍ക്കരണവുമാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത്. രണ്ടാം ഘട്ടമായി ടൂറിസം ബോട്ട് ജെട്ടിയെ മനയ്ക്കച്ചിറ ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഒരുക്കും.
കനാലിന്റെ പടിഞ്ഞാറു ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടകള്‍ പാകി. ബോട്ട് ജെട്ടിയിലെ കെട്ടിടം നവീകരിച്ചു. ശുചിമുറികള്‍ നിര്‍മിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ബോട്ടിലേക്കു കയറാന്‍ റാംപ് നിര്‍മിച്ചു. ബോട്ട് ജെട്ടിയുടെ വരാന്തയില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കി.
തറയോടുകള്‍ പാകുകയും ചെയ്തു. ടൂറിസം ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തതോടെ തീര്‍തഥാടനങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമായി സ്‌പെഷ്യല്‍ ബോട്ടുകളും ശിക്കാര വള്ളങ്ങളുടെ സര്‍വിസും ഇവിടെ നിന്ന് ആരംഭിക്കും. ബോട്ടുകളുടെയും വള്ളങ്ങളുടെയും ബുക്കിങ്ങിനായുള്ള സൗകര്യവും ബോട്ടുജെട്ടിയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സംഘടനകള്‍ക്കും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ജല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിന്നു ശിക്കാര വള്ളങ്ങള്‍ ചങ്ങനാശേരിയിലേക്കു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാല്‍ ബോട്ട് ജെട്ടിയും പരിസരങ്ങളും കൂടുതല്‍ സജീവമാകുമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നു.
നഗരസഭാ ഉപാധ്യക്ഷ അംബികാ വിജയന്‍, സ്ഥിരം സമിതി അധ്യക്ഷ ഡാനി തോമസ്, കൗണ്‍സിലര്‍മാരായ രമാദേവി മനോഹരന്‍, ജെസി തോമസ്, ഇ.എ സജികുമാര്‍, പഞ്ചായത്തംഗം കെ.ഒ എബ്രഹാം, ഷംലാ ബീഗം, രാജാ കിഴക്കേ, സാബു മുല്ലശ്ശേരി, മാതത്തുക്കുട്ടി പ്ലാത്താനം, എം.എസ് വിശ്വനാഥന്‍, കെ.ആര്‍ സാബു രാജ്, ബിജു ആന്റണി, മുഹമ്മദ് ഷെറീഫ്, അനില്‍ മാടപ്പള്ളി, സാബു കോയിപ്പള്ളി, എ.ടി കലേഷ് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."