എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ തയാറെടുപ്പില്‍ സ്‌കൂളുകള്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിക്കുക പുതിയ ശൈലിയില്‍. മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള പരീക്ഷകളില്‍ ഒരു ക്ലാസില്‍ ഇരിക്കാനുവദിക്കുക 20 കുട്ടികളെ മാത്രം. മാറ്റിവച്ച പരീക്ഷകള്‍ 21നും 29നുമിടയില്‍ നടത്താനാണു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17ന് ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തിയ ശേഷമായിരിക്കും.
ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര തീരുമാനം അനുകൂലമാണെങ്കില്‍ പരീക്ഷാ നടത്തിപ്പിനു തയാറായിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കി. പരീക്ഷയ്‌ക്കെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. ഇതു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതലയാണ്. മാസ്‌ക് ലഭ്യമാക്കാന്‍ അതത് വിഭാഗത്തിലെ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍മാര്‍ സ്‌കൂളുകളിലെത്തി ഓഫിസുകള്‍ തുറന്നുതുടങ്ങി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലെത്തിച്ചേരാന്‍ സംവിധാനമൊരുക്കണം. വേണമെങ്കില്‍ അടുത്തുള്ള സ്‌കൂളിലെ ബസുകള്‍ ഉപയോഗപ്പെടുത്താം. ഐ.ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കണം.
സ്‌കൂള്‍ പരിസരം, ക്ലാസ് മുറികള്‍, ലാബുകള്‍, ടോയ്‌ലെറ്റുകള്‍ മുതലായവ അണുവിമുക്തമാക്കണം.
ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പട്ടികവിഭാഗക്കാരായ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വീടുകളിലാണ്. അവര്‍ക്കു സ്വന്തം സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അവര്‍ക്കു വീടിനടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗകര്യമൊരുക്കണം.
കൊവിഡ് റീഹാബിലിറ്റേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ജില്ലാ കലക്ടറെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെയും കണ്ട് അന്തേവാസികളെ മറ്റൊരിടത്തേക്കു മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെടണം. കുട്ടികളോ അധ്യാപകരോ മറ്റു ജില്ലകളിലോ മറ്റു സംസ്ഥാനങ്ങളിലോ പോയിട്ടുണ്ടോ എന്നും പരീക്ഷയെഴുതാന്‍ സ്വന്തം സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുണ്ടോ എന്നും പരിശോധിക്കണം. അതേസമയം, പൂര്‍ത്തിയായ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം നാളെ തുടങ്ങും.
അധ്യാപകര്‍ സ്വന്തമോ ലഭ്യമായതോ ആയ വാഹനങ്ങള്‍ ഉപയോഗിച്ച് മൂല്യനിര്‍ണയ കേന്ദ്രത്തിലെത്താനാണ് നിര്‍ദേശം. ഇത് എത്രകണ്ട് പ്രായോഗികമാണെന്ന കാര്യം കണ്ടറിയണം.
പൊതുഗതാഗത സൗകര്യമില്ലാത്തതിനാല്‍ അധ്യാപകര്‍ എത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നേരത്തെ ഇക്കാര്യമുന്നയിച്ച് മൂല്യനിര്‍ണയ നിര്‍ദേശം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നാളെ ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ലോക്ക് ഡൗണിനു ശേഷമാക്കി മാറ്റി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."