'രോഗികള്‍ക്കായി ഇനി രാജേട്ടന്റെ വീട്ടിലെ അടുക്കള പുകയും'
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രാജേട്ടന് ഇനിയും ഭക്ഷണം വിളമ്പും, സ്വന്തം അടുക്കളയില്‍ പാകംചെയ്താണ് ഭക്ഷണം ഉണ്ടാക്കുന്നത്. ആശുപത്രി അടുക്കള ഉപയോഗിക്കാനാകില്ലന്ന സാങ്കേതിക തടസ്സമൊന്നും രാജഗോപാല്‍ എന്ന ഈ മനുഷ്യസ്നേഹിയെ തളര്‍ത്തുന്നില്ല.
ആശുപത്രിയില്‍ ചികില്‍സക്ക് എത്തിയപ്പോള്‍ അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലായതോടെയാണ് രാജട്ടേന് ആശുപത്രിയില്‍ ഭക്ഷണ വിതരണം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 10നാണ് ഈ സദുദ്യമം തുടങ്ങിയത്. ഈ പ്രയാണം ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.
ഒരു ദിവസം ഇവിടെയുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാരുമുള്പെടെ 150 ലേറെ പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇതിനായി രാജേട്ടന് ചെലവ് വരുന്നത് 2000ത്തോളം രൂപയാണ്. വല്ലപ്പോഴും ആരെങ്കിലും സഹായിക്കും.
അധിക ദിവസവും സ്വന്തം കയ്യില്‍ നിന്നും പണം എടുത്താണ് രാജേട്ടന് ഒരു വര്‍ഷം ഈ ഉദ്യമം മുന്നോട്ട് കൊണ്ടുപോയത്.
ഇത്രയും നാള് ആശുപത്രിയുടെ അടുക്കളയാണ് ഉപയോഗിച്ചതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇന്നു മുതല്‍ വീട്ടില്‍ നിന്നും ഭക്ഷണം പാകം ചെയ്ത് ആശുപത്രിയില്‍ എത്തിക്കാനാണ് തീരുമാനം. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ഭാര്യയില്‍ നിന്നും അനുകൂല മറുപടിയാണ് ലഭിച്ചതെന്നും ഈ സല്‍ക്കര്‍മ്മം നിര്‍ത്തിയാല്‍ താനില്ലന്നുമാണ് രാജേട്ടന് പറയുന്നത്.
അതേ സമയം ഭക്ഷണത്തിന്റെ ചിലവ് സ്വന്തം നിലക്ക് താങ്ങാവുതിലേക്കപ്പുറം കടന്നു. അതിനാല്‍ ആരെങ്കിലും ഈ സല്ക്കര്മ്മത്തില് സാമ്പത്തികമായി സഹായിക്കുമെന്ന പ്രതീക്ഷയും രാജേട്ടനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."